'ഹെലികോപ്ടറു'മായി ചെപ്പോക്കിലേക്ക് തിരിച്ചെത്തി, എന്തൊരു മനുഷ്യനാണ്! ധോണിയെ ആഘോഷമാക്കി ആരാധകര്‍

അണ്‍ക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് 43കാരനായ ധോണിയെ ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നത്

dot image

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശക്കൊടുമുടിയിലേറിയ ദിവസമായിരുന്നു ഇന്നലെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും ഇതിഹാസതാരം എം എസ് ധോണി സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങും. ഐപിഎല്‍ 2025 മെഗാതാരലേലത്തിന് മുന്നോടിയായുള്ള പുറത്തുവിട്ട റീടെന്‍ഷന്‍ ലിസ്റ്റിലാണ് മുന്‍ നായകന്‍ ധോണിയെയും ചെന്നൈ നിലനിര്‍ത്തിയത്.

അണ്‍ക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് 43കാരനായ ധോണിയെ ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നത്. ധോണിയുള്‍പ്പടെ അഞ്ച് താരങ്ങളെയും ചെന്നൈ അടുത്ത സീസണിലേക്കായി നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയെ നയിച്ച റുതുരാജ് ഗെയ്ക്ക്‌വാദ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ശ്രീലങ്കന്‍ യുവപേസര്‍ മതീഷ പതിരാന, യുവതാരം ശിവം ദുബെ എന്നിവരാണ് ചെന്നൈയുടെ മറ്റു റീടെന്‍ഷനുകള്‍.

അതേസമയം എം എസ് ധോണിയെ ചെന്നൈ നിലനിര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകര്‍. 'ധോണിയെ ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നു. 2025 ഐപിഎല്ലിലും അദ്ദേഹം ഉണ്ടാകും. എന്തൊരു മനുഷ്യനാണ്, ക്രിക്കറ്റ് കളിക്കുന്നതിന് വേണ്ടി ഇത്രയും സമര്‍പ്പണമുള്ള താരം', എന്നാണ് ആരാധകര്‍ പറയുന്നത്. 'ഹെലികോപ്ടര്‍ ഷോട്ടുകളുമായി ധോണി ചെപ്പോക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു', എന്നാണ് മറ്റുചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'ഇതിഹാസം! ഒരു ഹീറോ ആകുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ധോണി പുനര്‍നിര്‍വചിച്ചിരിക്കുകയാണ്', 'അഞ്ച് ഐപിഎല്‍ കിരീടവും മൂന്ന് ഐസിസി ട്രോഫികളും നേടിയതിന് ശേഷവും അണ്‍ക്യാപ്ഡ് പ്ലെയറായി ധോണി തിരിച്ചെത്തിയിരിക്കുന്നു, അസാധ്യമായത് ഒന്നുമില്ല', 'സിഎസ്‌കെ എല്ലാ വര്‍ഷവും ഐപിഎല്‍ കിരീടം നേടണമെന്ന് ഞങ്ങള്‍ക്ക് ആവശ്യമില്ല. പക്ഷേ എല്ലാ വര്‍ഷവും ധോണി മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത് കാണണം. ചെന്നൈയ്ക്ക് വേണ്ടി ധോണി കളിക്കുന്നതുതന്നെ ട്രോഫി ഉയര്‍ത്തുന്നതിന് തുല്യമാണ്', എന്നിങ്ങനെ പോകുന്നു ചില പോസ്റ്റുകള്‍.

Content Highlights: Fans welcome MS Dhoni after CSK retain legend in IPL 2025 Retentions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us