ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂപ്പര്‍ താരം വിരാട് കോഹ്‌ലി തിരിച്ചെത്തുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ഫാഫ് ഡു പ്ലെസിസ് ഇല്ലാതെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ച ആര്‍സിബി റീടെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇതോടെ ഫാഫിന്റെ പകരക്കാരനായി കോഹ്‌ലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍സി അഭ്യൂഹങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബാറ്റ് രംഗത്തെത്തിയത്.
ക്യാപ്റ്റന്‍സിയെ സംബന്ധിച്ചിടത്തോളം നിരവധി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് മോ ബോബാറ്റ് പറഞ്ഞത്. എല്ലാ ടീമുകളെയും പോലെ ആര്‍സിബിയും മെഗാ ലേലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഓപ്ഷന്‍ സജീവമായി തിരയുമെന്നും മോ ബോബാറ്റ് വ്യക്തമാക്കി. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1️⃣8️⃣th year with RCB for our No. 1️⃣8️⃣. 🔥
— Royal Challengers Bengaluru (@RCBTweets) October 31, 2024
Retention #1 Virat Kohli would have completed 20 years with RCB by the end of this upcoming 3-year cycle! 🤩 The only player to represent the same team since the inception of the IPL. 🤯
Presenting to you the King, Virat Kohli! 👑… pic.twitter.com/KwiFhkufBB
'ഇത് കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരെയും നിരാശപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചോ വിരാട് കോഹ്‌ലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചോ ഞങ്ങള്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. ഫാഫ് ഡു പ്ലെസിസിനെ നിലനിര്‍ത്തില്ല എന്നതുമാത്രമായിരുന്നു വ്യക്തമായ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷവും ഫാഫ് നന്നായി തന്നെയാണ് ടീമിനെ നയിച്ചത്. അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഫാഫ് ലേലത്തില്‍ പോവും. അവിടെ ഞങ്ങള്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് തുറന്ന മനസ്സോടെ ഇരിക്കും', മോ ബോബാറ്റ് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2013 മുതല്‍ 2021 വരെ വിരാട് കോഹ്‌ലിയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍. 2016ല്‍ കോഹ്‌ലിയുടെ നായക മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെച്ചതോടെ ഫാഫ് ഡു പ്ലെസിസിനെ റോയല്‍ ചലഞ്ചേഴ്‌സ് നായകനായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം വിരാട് കോഹ്‌ലി ഉള്‍പ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് ടീം നിലനിര്‍ത്തിയത്. റെക്കോര്‍ഡ് തുകയായ 21 കോടി രൂപക്കാണ് കോഹ്‌ലിയെ ടീമില്‍ നിലനിര്‍ത്തിയത്. യുവ ബാറ്റര്‍ രജത് പാട്ടിദാര്‍ (11 കോടി), പേസര്‍ യാഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരാണ് നിലനിര്‍ത്തിയ മറ്റു താരങ്ങള്‍. വിദേശ താരങ്ങളില്‍ ആരെയും ആര്‍സിബി നിലനിര്‍ത്തിയില്ല.
Content Highlights: IPL 2025 Retention: RCB end silence on Virat Kohli's rumoured return to captaincy in IPL 2025