ഫോമിലല്ലെന്ന വിമർശനത്തിനിടയിലും നേട്ടം സ്വന്തമാക്കി വിരാട്; ഐപിഎല്ലിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന തുക

ടെസ്റ്റ് ക്രിക്കറ്റിലും മറ്റും മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്നതിനിടയിൽ കൂടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്

dot image

ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്‌ലിയാണ്. കോഹ്‌ലി ഉൾപ്പെടെ മൂന്ന് താരങ്ങളെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിർത്തിയപ്പോൾ കോഹ്‌ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും മറ്റും മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്നതിനിടയിൽ കൂടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

കോഹ്‌ലിക്ക് ശേഷം ഉയർന്ന തുക വരുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ കൂടി നോക്കാം. 18 കോടി നൽകി മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവിനെ 16.35 കോടിക്കും ഹർദിക് പാണ്ട്യയെ 16.35 കോടിക്കും രോഹിത് ശർമ്മയെ 16.30 കോടിക്കും നിലനിർത്തി. കഴിഞ്ഞ തവണ ക്യാപ്റ്റനായിരുന്ന റിതുരാജ് ഗെയ്‌ക്‌വാദിനെ 18 കോടിക്കാണ് ചെന്നൈ നിലനിർത്തിയത്. ഡൽഹി ക്യാപിറ്റൽസ് 16.5 കോടിക്ക് അക്‌സർ പട്ടേലിനെയും ഗുജറാത്ത് ടൈറ്റൻസ് 16.5 കോടി ശുഭ്മാൻ ഗില്ലിനെയും നിലനിർത്തി. അതേസമയം 18 കോടി രൂപ നൽകിയാണ് സഞ്ജു സാംസണിനെയും യശസ്വി ജയ്‌സ്വാളിനെയും രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.

2017-2021 വരെ 17 കോടി രൂപയാണ് ആർസിബി കോഹ്‌ലിക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കെഎൽ രാഹുലിന് ലഖ്നോ സൂപ്പർ ജയന്‍റ്സും 17 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ആസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോർഡ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്. നിലവിൽ ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും വിലയേറിയ താരം സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെൻറിച് ക്ലാസനാണ് -23 കോടി.

Content Highlights: Virat Kohli becomes the first Indian cricketer to get 20+ crores for a single IPL season

dot image
To advertise here,contact us
dot image