ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒറ്റ സീസൺ കൊണ്ട് തന്റെ താര മൂല്യം 55 ഇരട്ടിയോളം വർധിപ്പിച്ചിരിക്കുയാണ് ഇന്ത്യയുടെ യുവ പേസർ സെൻസേഷണൽ മായങ്ക് യാദവ്. വെറും 73 പന്തുകളാണ് താരം കഴിഞ്ഞ സീസണിൽ എറിഞ്ഞത്. ഓവർ നിരക്കിലേക്ക് മാറ്റി നോക്കിയാൽ വെറും 12 ഓവറുകൾ. അങ്ങനെ വെറും 20 ലക്ഷത്തിന് ലഖ്‌നൗ ടീമിലെത്തിയ താരം ഐപിഎൽ റീട്ടെൻഷൻ കഴിഞ്ഞപ്പോൾ 11 കോടി രൂപയുടെ മൂല്യത്തിലെത്തി. 11 കോടി രൂപയ്ക്കാണ് താരത്തെ അടുത്ത സീസണിലേക്ക് ലഖ്‌നൗ നിലനിർത്തിയത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യൻ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.
അതിന് പിന്നാലെയാണ് താരത്തിന്റെ വില കുതിച്ചുയർന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ കണ്ടെത്തലാണ് മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മായങ്ക് ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്ന് മത്സരങ്ങൾ കളിച്ച താരം നാല് വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ സീസണിൽ ലഖ്‌നൗവിനായി നാല് മത്സരങ്ങൾ മാത്രമാണ് മായങ്ക് കളിച്ചത്. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പരിക്ക് കാരണം താരത്തിന് സീസൺ നഷ്ടമായി.
Lucknow Super Giants have shown faith in young speedster Mayank Yadav 💰❤️#MayankYadav #LSG #IPL2025 #Sportskeeda pic.twitter.com/X32augPjrA
— Sportskeeda (@Sportskeeda) October 31, 2024
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മായങ്ക് യാദവ് ഇടം നേടിയെങ്കിലും കളിക്കുന്ന കാര്യം സംശയമാണ്. നടുവിന് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് താരം ബെംഗളൂരുവിൽ ചികിത്സയിലാണ്. മായങ്ക് യാദവിന് കുറച്ചു മാസങ്ങൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. 2023 ഐപിഎല്ലിനുള്ള തയാറെടുപ്പുകൾക്കിടെ പരിക്കേറ്റ താരത്തിന് സീസണ്‍ പൂർണമായും നഷ്ടമായിരുന്നു. 2023–24 രഞ്ജി സീസണും താരത്തിന് പരിക്ക് കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കുന്നതിനിടെ ലഖ്‌നൗവിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന വിജയ് ദഹിയയാണ് മായങ്കിനെ കണ്ടെത്തി ഐപിഎല്ലിൽ എത്തിച്ചത്.
Content Highlights: mayank yadav sensational journey in ipl, indian cricket