ഐപിഎല്‍ 2025 മെഗാതാരലേലത്തിന് മുന്‍പായുള്ള റീടെന്‍ഷനില്‍ മുംബൈ ഇന്ത്യന്‍സ് തന്നെ നിലനിര്‍ത്തിയതില്‍ പ്രതികരിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. അടുത്ത സീസണിന് വേണ്ടി നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടത്. സര്‍പ്രൈസുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ നാലാം താരമായാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.
1️⃣4️⃣ वर्ष… नुसता राडा and now ready for more 👊#MumbaiMeriJaan #MumbaiIndians | @ImRo45 pic.twitter.com/TxoZrmKMwU
— Mumbai Indians (@mipaltan) November 1, 2024
പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈയുടെ ഒന്നാം ചോയ്‌സ് താരം. 18 കോടി രൂപയ്ക്കാണ് ബുംറയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും 16.35 കോടി രൂപ ശമ്പളം ലഭിക്കും. നാലാം താരമായ രോഹിത് ശര്‍മയ്ക്ക് 16.30 കോടി രൂപയാണ് രോഹിത് ശര്‍മയ്ക്ക് ലഭിക്കുക. തിലക് വര്‍മയെ എട്ട് കോടി രൂപയ്ക്കും മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ നാലാം താരമായി നിലനിര്‍ത്തിയതില്‍ പ്രതികരിക്കുകയാണ് രോഹിത്.
മുംബൈ നിലനിര്‍ത്തുന്ന നാലാമത്തെ താരമായി തന്റെ പേരുവന്നതില്‍ സംതൃപ്തനാണെന്നാണ് രോഹിത് പറയുന്നത്. 2024 ലോകകപ്പ് നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തനിക്ക് ഇത്ര വലിയ തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രോഹിത് പറഞ്ഞു. 'ട്വന്റി20യില്‍ വിരമിച്ചതുകൊണ്ട് മുംബൈയുടെ നിലനിര്‍ത്തലില്‍ എനിക്ക് തന്ന സ്ഥാനം വളരെ അനുയോജ്യമായതാണ്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു', ഹിറ്റ്മാന്‍ പറഞ്ഞു.
മുംബൈയില്‍ തുടരുന്നതിലുള്ള സന്തോഷവും രോഹിത് പ്രകടിപ്പിച്ചു. 'മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരുപാട് സീസണ്‍ കളിച്ചിട്ടുണ്ട്. ഇവിടെ തുടരുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ടീം അത്ര മികച്ച പ്രകടനമല്ല കാഴ്ച വെക്കുന്നത്. അത് മാറ്റിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങള്‍', രോഹിത് വ്യക്തമാക്കി.
മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീങ്ങളും നേടിയത് രോഹിത് ശർമയുടെ ക്യാപ്റ്റന്‍സിയുടെ കീഴിലാണ്. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തും സംഘവും ഐപിഎല്‍ ചാമ്പ്യന്മാരായത്. കഴിഞ്ഞ സീസണില്‍ രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിച്ചതില്‍ വലിയ ആരാധകപ്രതിഷേധം ഉയർന്നിരുന്നു. ഇതിനുപിന്നാലെ രോഹിത് അടുത്ത സീസണില്‍ മുംബൈ വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എല്ലാ ഊഹാപോഹങ്ങള്‍ക്കും അവസാനിച്ചാണ് കഴിഞ്ഞ ദിവസം റീടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നത്.
Content Highlights: Rohit Sharma Breaks Silence On Not Being In The Top Retentions For Mumbai Indians