പ്രകോപനം അതിരുവിടുന്നു, സര്‍ഫറാസ് നിശബ്ദനാകണം; മൂന്നാം ടെസ്റ്റിനിടെ അംപയറെ സമീപിച്ച് ന്യൂസിലാന്‍ഡ് താരം

മിച്ചലിന്റെ പരാതിയില്‍ അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് രോഹിത് ശര്‍മയെ വിളിച്ച് കാര്യം പറഞ്ഞു.

dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ അംപയറിനോട് പരാതി ഉന്നയിച്ച് ന്യൂസിലാന്‍ഡ് താരം ഡാരല്‍ മിച്ചല്‍. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിനിടെയാണ് സംഭവം.

ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡിനായി ബാറ്റ് ചെയ്യുകയായിരുന്ന ഡാരല്‍ മിച്ചലും വില്‍ യങ്ങും മികച്ച കൂട്ടുകെട്ടുമായി മുന്നോട്ടുപോയത് സര്‍ഫറാസ് ഖാനെ പ്രകോപിപ്പിച്ചു. ബൗളര്‍ പന്തെറിഞ്ഞതിന് ശേഷം മിച്ചല്‍ ബാറ്റ് ചെയ്യുന്നതിനിടെയുള്ള സമയം സര്‍ഫറാസ് താരത്തിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ശബ്ദം ഉണ്ടാക്കി. ബാറ്ററുടെ തൊട്ടടുത്ത് ഷോര്‍ട്ട് ലെഗില്‍ നിന്ന് സര്‍ഫറാസ് നടത്തിയ പ്രകോപനം മിച്ചലിനെ ബുദ്ധിമുട്ടിലാക്കി. ബാറ്റ് ചെയ്യുന്നതിനിടെ സര്‍ഫറാസ് നിശബ്ദനാകണമെന്ന് മിച്ചല്‍ അംപയറിനോട് പരാതിപ്പെട്ടു.

മിച്ചലിന്റെ പരാതിയില്‍ അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് രോഹിത് ശര്‍മയെ വിളിച്ച് കാര്യം പറഞ്ഞു. വിരാട് കോഹ്‌ലിയും സംഭാഷണത്തില്‍ കൂടിച്ചേര്‍ന്നു. നീണ്ട സമയത്തെ സംഭാഷണത്തിനൊടുവില്‍ സര്‍ഫറാസ് നിശ്ബ്ദനാകുമെന്ന് രോഹിത് ശര്‍മ അംപയറിന് ഉറപ്പ് നല്‍കി.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 235 റണ്‍സില്‍ ഓള്‍ ഔട്ടായി. വിൽ യങ്ങിന്റെ 71 റൺസും ഡാരൽ മിച്ചലിന്റെ 82 റൺസുമാണ് ന്യൂസിലാൻഡ് സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും വാഷിങ്ടൺ സുന്ദർ നാലും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ആകാശ് ദീപിനാണ്.

മറുപടി ബാറ്റിങ്ങിൽ‌ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് സ്കോറിങ് തുടങ്ങിയത്. 18 റൺസുമായി രോഹിത് ശർമയെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ യശ്വസി ജയ്സ്വാൾ-ശുഭ്മൻ ​ഗിൽ സഖ്യം ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ട് നയിച്ചു. എന്നാൽ ആദ്യ ദിവസത്തെ മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ‌ മാത്രം ബാക്കി നിൽക്കെ 30 റൺ‌സെടുത്ത യശ്വസി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് റണ്ണൊന്നും എടുക്കാതെയും പുറത്തായി.

ഇല്ലാത്ത റൺസിനോടിയാണ് വിരാട് കോഹ്‍ലി വിക്കറ്റ് വലിച്ചെറിഞ്ഞത്. രചിൻ രവീന്ദ്രയുടെ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട കോഹ്‍ലി നോൺ‌സ്ട്രൈക്കിങ് എൻഡിൽ എത്തും മുമ്പെ വിക്കറ്റ് നഷ്ടമാക്കി. നാല് റൺസ് മാത്രമാണ് വിരാട് കോഹ്‍ലി നേടിയത്. 31 റൺസോടെ ശുഭ്മൻ ​ഗില്ലും ഒരു റൺസോടെ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 235 റൺസിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനിയും 149 റൺസ് കൂടി വേണം.


Content Highlights: Rohit Sharma, Sarfaraz Khan Sent Strong Message By Umpire

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us