ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ സന്നാഹ മത്സരം റദ്ദാക്കി ബിസിസിഐ. നിലവില്‍ ഓസ്‌ട്രേലിയയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെതിരായ സന്നാഹ മത്സരമാണ് റദ്ദാക്കിയിരിക്കുന്നത്. പരമ്പര തുടങ്ങാനിരിക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കേണ്ടെന്ന് കരുതിയാണ് മൂന്ന് ദിവസത്തെ പരിശീലന മത്സരം ഉപേക്ഷിച്ചത്. പകരം ഗ്രൂപ്പായി തിരിഞ്ഞ് ഇന്ത്യന്‍ താരങ്ങൾ പരിശീലനം നടത്തും. നവംബര്‍ 15 മുതല്‍ 17 വരെയാണ് മത്സരം തീരുമാനിച്ചിരുന്നത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താൻ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ നിർണായക വിജയങ്ങൾ അനിവാര്യമാണ്. ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റ് ഇന്ത്യ വിജയിച്ചാൽ ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വിജയങ്ങൾ കൂടി വേണം. 2018 മുതൽ ബോർഡർ ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈവശമാണ്. അതിൽ രണ്ട് തവണ ഓസ്ട്രേലിയൻ മണ്ണിലായിരുന്നു ഇന്ത്യൻ ജയം. ഇത്തവണ വിജയിച്ചാൽ ഓസ്ട്രേലിയയിൽ ഹാട്രിക് പരമ്പര നേട്ടമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കും.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.
Content Highlights: The BCCI have cancelled India's only warm up match against India A before BGT