30 കോടി ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ ടീം വിട്ടു!; തന്റെ വിപണിമൂല്യം അറിയാൻ കൊൽക്കത്ത വിട്ട ശ്രേയസ് അയ്യർ

കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

dot image

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പല പ്രധാന താരങ്ങളെയും ടീമുകൾ റീടെയിൻ ചെയ്തപ്പോൾ ചില താരങ്ങൾ ലേലത്തിനും പോയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെകെആറിന് അവരുടെ ഏറ്റവും മികച്ച സീസണ്‍ സമ്മാനിക്കുകയും കിരീടനേട്ടത്തിലേക്ക് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള കാരണം സംബന്ധിച്ചായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാൽ ഇതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ടീം സി ഇ ഒ വെങ്കി മൈസൂര്‍. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അത് ശ്രേയസ് അയ്യരുടേത് തന്നെയാണെന്നാണ് വെങ്കി വെളിപ്പെടുത്തിയിരിക്കുന്നത്. ലേലത്തിലൂടെ തന്റെ വിപണി മൂല്യം അറിയാന്‍ ശ്രേയസ് ആഗ്രഹിക്കുന്നതായും വെങ്കി സൂചന നല്‍കി. അതേ സമയം കഴിഞ്ഞ സീസണിലെ കിരീടം നേടിയ നായകനെന്ന നിലയിൽ ശ്രേയസ് അയ്യർ 30 കോടി പ്രതിഫലം കൂട്ടി ചോദിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് നൽകാൻ ടീം ഉടമകൾ വിസമ്മതിച്ചപ്പോൾ ഒരു പരീക്ഷണത്തിന് മെഗാ ലേലത്തിൽ സ്വയം വിട്ടുനൽകാൻ ശ്രേയസ് തീരുമാനിക്കുകയായിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ലെ താരലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത വാങ്ങിയത്. തുടർന്നുള്ള സീസണുകളിലും ശ്രേയസിന് ഇതേ തുക തന്നെയാണു നൽകിയിരുന്നത്. ഐപിഎൽ ലേലത്തിനു മുന്നോടിയായി നിലനിർത്തിയവരിൽ ഹെൻറിച് ക്ലാസനാണ് വിലയേറിയ താരം. 23 കോടി രൂപ നൽകിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്ലാസനെ നിലനിർത്തിയത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോഹ്‌ലിക്ക് 21 കോടി നൽകി.

Content Highlights: IPL Auction 2025: Shreyas Iyer kicked out of KKR for demanding INR 30 crore

dot image
To advertise here,contact us
dot image