ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിൽ കഴിഞ്ഞ വർഷം ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായിരുന്ന ചില താരങ്ങളെ വീണ്ടും ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ.
'ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് താരങ്ങളെയാണ് ലഖ്നൗ മെഗാലേലത്തിന് മുമ്പ് നിലനിർത്തിയിരിക്കുന്നത്. മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരിലൂടെ ലഖ്നൗ ടീമിന് ഒരു അടിത്തറയുണ്ടാക്കും. നിക്കോളാസ് പൂരാൻ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അയാളെ ലേലത്തിലേയ്ക്ക് അയക്കാൻ കഴിയില്ല. ഇനി ഒരു ആർടിഎം കൂടി ലഖ്നൗവിന് കൈവശമുണ്ട്.' ജസ്റ്റിൻ ലാംഗർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
മെഗാലേലത്തിന് മുമ്പായി താരങ്ങളെ നിലനിർത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ സമയത്തെ ചർച്ചയ്ക്കൊടുവിലാണ് റീടെൻഷൻ ലിസ്റ്റ് തയ്യാറാക്കിയത്. ഓരോ താരത്തെയും നിലനിർത്തുന്നതിനുള്ള സാധ്യതകൾ വ്യക്തമായി ടീം മാനേജ്മെന്റ് പരിശോധിച്ചിരുന്നു. ലാംഗർ വ്യക്തമാക്കി.
മെഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയിരിക്കുന്നത്. നിക്കോളാസ് പൂരാന് 21 കോടി രൂപ ലഖ്നൗ നൽകും. 11 കോടി രൂപ വീതം നൽകി രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെയും നാല് കോടി വീതം നൽകി മോഹ്സിൻ ഖാനെയും ആയുഷ് ബദോനിയെയും നിലനിർത്തിയിട്ടുണ്ട്.
നിലവിലെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് ലേലത്തിന് വെച്ചു. മാർക്കസ് സ്റ്റോയിൻസ്, ക്വിന്റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ എന്നിവരെയും ലഖ്നൗ നിലനിർത്തിയില്ല. 69 കോടി രൂപയാണ് ഇനി ലേലത്തിനായി ലഖ്നൗവിന് ബാക്കിയുള്ളത്.
Content Highlights: LSG Coach Justin Langer Hints Big Strategy on Auction table