വാംഖഡെയിൽ കളിക്കുമ്പോൾ ജഴ്സിയിൽ ചെളിപുരളുക നിർബന്ധമാണ്; ഇത്തവണ വിരാട് കോഹ്‍ലി, ഏറ്റെടുത്ത് ആരാധകർ

ഇഷ് സോധിയുടെ വിക്കറ്റിനായി കോഹ്‍ലി ​ഗ്രൗണ്ടിൽ ഡൈവ് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ ജഴ്സിയിലെ ചെളി ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്.

dot image

2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ചെളിപുരണ്ട ജഴ്സിയുമായി ​ഗൗതം ​ഗംഭീർ ബാറ്റ് ചെയ്തത് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല. 97 റൺസുമായി ​ഗൗതം ​ഗംഭീർ തുടങ്ങിവെച്ച പോരാട്ടമാണ് പുറത്താകാതെ 91 റൺസുമായി എം എസ് ധോണി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചത്. 13 വർഷത്തിന് ശേഷം ചെളിപുരണ്ട ജഴ്സിയുമായി അതേ വാംഖഡെ സ്റ്റേഡിയത്തിൽ മറ്റൊരു ഇന്ത്യൻ താരം കളിക്കുകയാണ്. 36 വയസിനോട് അടുക്കുന്ന വിരാട് കോഹ്‍ലി ഫീൽഡിൽ പറന്നുനടക്കുകയാണ്. താരത്തിന്റെ വെള്ള ജഴ്സിയുടെ ഇരുവശങ്ങളിലും ചെളിപുരണ്ടിട്ടുണ്ട്. ഇഷ് സോധിയുടെ വിക്കറ്റിനായി കോഹ്‍ലി ​ഗ്രൗണ്ടിൽ ഡൈവ് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ ജഴ്സിയിലെ ചെളി ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. സോഷ്യൽ മീഡിയയിൽ ചെളി പുരണ്ട ജഴ്സിയിൽ നിൽക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രങ്ങൾ വൈറലാണ്.

അതിനിടെ ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ്. നിലവിൽ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാ‍ൻഡിന് 143 റൺസിന്റെ ലീഡുണ്ട്. സ്കോർ ന്യൂസിലാൻഡ് ആദ്യ ഇന്നിംഗ്സിൽ 235, ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 263, ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പതിന് 171.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ശുഭ്മൻ ​ഗില്ലും റിഷഭ് പന്തും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും അഞ്ചാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തു. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 60 റൺസെടുത്താണ് റിഷഭ് പുറത്താകുന്നത്. 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത ശുഭ്മൻ ​ഗിൽ എട്ടാമനായാണ് പുറത്താകുന്നത്.

വാലറ്റത്ത് 36 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത് പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറിന്റെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിം​ഗ്സിൽ ലീഡ് സമ്മാനിച്ചത്. അഞ്ച് താരങ്ങൾക്ക് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ന്യൂസിലാൻഡിനായി അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാൻഡിനായി വിൽ യങ് 51 റൺസ് നേടി. ​ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.


Content Highlights: Virat Kohli’s dusty jersey during IND vs NZ 3rd Test breaks internet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us