ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിക്കരികിൽ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശുഭ്മൻ ഗിൽ. 'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണിത്. ബാറ്റിങ്ങിലെ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്പിന്നിനെതിരെ എനിക്ക് കഴിയാവുന്ന അത്ര മികച്ച രീതിയിലാണ് ഞാൻ ബാറ്റ് ചെയ്തത്. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ എനിക്ക് സ്പിന്നിനെ നേരിടാൻ കഴിഞ്ഞില്ല. ഈ മത്സരത്തിന് മുമ്പ് സ്പിന്നിനെ നേരിടാൻ ഞാൻ പരിശീലിച്ചു.' രണ്ടാം ദിവസത്തെ മത്സരശേഷം ശുഭ്മൻ ഗിൽ പ്രതികരിച്ചു.
മത്സരത്തിൽ 146 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്ത ശുഭ്മൻ ഗിൽ എട്ടാമനായാണ് പുറത്താകുന്നത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും ഗിൽ മാത്രം പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തും ശുഭ്മൻ ഗില്ലും കൂട്ടിച്ചേർത്ത 96 റൺസാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി നൽകിയത്. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം റിഷഭ് 60 റൺസുമെടുത്തു.
മത്സരത്തിൽ ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235നെതിരെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടി. റിഷഭിന്റെയും ഗില്ലിന്റെയും അവസരോചിത ഇന്നിംഗ്സുകൾക്ക് പുറമെ വാഷിങ്ടൺ സുന്ദർ പുറത്താകാതെ 38 റൺസുമെടുത്തു. 36 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതാണ് സുന്ദറിന്റെ ഇന്നിംഗ്സ്.
രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റുകൾ ഇതിനകം നഷ്ടമായി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ്. നിലവിൽ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡിന് 143 റൺസിന്റെ ലീഡുണ്ട്. വിൽ യങ് 51 റൺസ് നേടി. ഗ്ലെൻ ഫിലിപ്സ് 26, ഡെവോൺ കോൺവേ 22, ഡാരിൽ മിച്ചൽ 21 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Content Highlights: ‘One of the better knocks I’ve played,’ says Gill after missing out on century