ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇനി ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി; ഫൈനൽ പ്രവേശനത്തിന് പോരാട്ടം കടുക്കുന്നു

ഇന്ത്യയും ഓസ്ട്രേലിയയും ഫൈനൽ വരുമെന്ന് കരുതിയിടത്താണ് മൂന്ന് ടീമുകൾ കൂടി പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.

dot image

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയത് ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി. 2023-25 ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോൾ. 58.33 ആണ് വിജയശതമാനം. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം നേടിയാൽ മാത്രമെ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടക്കാൻ സാധിക്കൂ.

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ മത്സരിക്കുന്ന ടീമുകളുടെ എണ്ണവും വർദ്ധിച്ചു. നേരത്തെ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനൽ വരുമെന്ന് കരുതിയിടത്താണ് മൂന്ന് ടീമുകൾ കൂടി പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ 62.50 വിജയശതമാനവുമായി പോയിന്റ് ടേബിളിൽ ഒന്നാമതുണ്ട്. ഇന്ത്യയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളും ശ്രീലങ്കയ്ക്കെതിരെ രണ്ട് മത്സരങ്ങളുമാണ് ഓസീസിന് അവശേഷിക്കുന്നത്.

ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 വിജയശതമാനമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് ഇനി അവശേഷിക്കുന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ വിജയം ന്യൂസിലാൻഡിനെ പോയിന്റ് ടേബിളിൽ നാലാമതെത്തിച്ചു. 54.55 ആണ് വിജയശതമാനം. ഇം​ഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ന്യൂസിലാൻഡ് അടുത്തതായി കളിക്കേണ്ടത്. അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് സാധ്യതകളുണ്ട്. ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം നാട്ടിൽ കളിക്കാം. 54.17 ആണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം.

Content Highlights: Tight Competition in World Test Championship Point Table

dot image
To advertise here,contact us
dot image