പാകിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് വിജയം. പലതവണ മാറി മറിഞ്ഞ മത്സരഫലത്തിനൊടുവിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അവസാനനിമിഷ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 46.4 ഓവറിൽ 203 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 33.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മുഹമ്മദ് റിസ്വാൻ നായകനായ ആദ്യ മത്സരമായിരുന്നു ഇത്.
മെൽബണിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ആണ് പാകിസ്താൻ നിരയിലെ ടോപ് സ്കോറർ. ബാബർ അസം 37 റൺസെടുത്തു. വാലറ്റത്ത് 39 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 40 റൺസെടുത്ത നസീം ഷായാണ് പാകിസ്താൻ സ്കോർ 200 കടത്തിയത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റുകളെടുത്തു. പാറ്റ് കമ്മിൻസും ആദം സാബയും രണ്ട് വീതം വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കായി ജോഷ് ഇഗ്ലിസ് 49 റൺസും സ്റ്റീവ് സ്മിത്ത് 44 റൺസും നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ടിന് 113 എന്ന സ്കോറിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഒമ്പതാമനായി ക്രീസിലെത്തി പുറത്താകാതെ 32 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. പാകിസ്താനായി ഹാരിസ് റൗഫ് മൂന്നും ഷഹീൻ ഷാ അഫ്രീദി രണ്ടും വിക്കറ്റുകളെടുത്തു.
Content Highlights: Cummins guides Australia to two-wicket win after middle-order collapse