ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് പാക് താരം കമ്രാൻ ഗുലാമിന്റെ ബാറ്റിങ്. ഇതിന് ഗുലാമിന്റെ വിക്കറ്റെടുത്താണ് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് മറുപടി നൽകിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്നിംഗ്സിന്റെ 19-ാം ഓവറിലാണ് സംഭവം. പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് കമ്മിൻസിന് മുന്നിലേക്ക് തട്ടിയിട്ട കമ്രാൻ ഗുലാം സ്റ്റീവ് സ്മിത്തിന്റെ ശൈലിയിൽ ബാറ്റ് ഉയർത്തി റൺസിനായി ഓടരുതെന്ന് മറുവശത്തുണ്ടായിരുന്ന മുഹമ്മദ് റിസ്വാനോട് പറയുന്നു. സ്മിത്തിന്റെ സമാന രീതിയിലുള്ള കമ്രാൻ ഗുലാം ഡിഫൻസ് കണ്ട പാറ്റ് കമ്മിൻസ് ചിരിക്കുന്നുണ്ടായിരുന്നു.
കമ്മിൻസ് എറിഞ്ഞ തൊട്ടടുത്ത മികച്ചൊരു ബൗൺസർ കളിക്കാൻ ഗുലാമിന് കഴിഞ്ഞില്ല. താരത്തിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ജോഷ് ഇഗ്ലിഷിന്റെ കൈകളിലെത്തി. ആറ് പന്തിൽ അഞ്ച് റൺസുമായി താരത്തിന് ക്രീസ് വിടേണ്ടതായും വന്നു. കമ്രാൻ ഗുലാം പുറത്തായതോടെ പാകിസ്താൻ നാലിന് 70 എന്ന് തകരുകയും ചെയ്തു. പാറ്റ് കമ്മിൻസ് ഈ പോരാട്ടത്തിൽ വിജയിച്ചുവെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഈ ദൃശ്യങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.
Pat Cummins wins the battle 🤫#AUSvPAK pic.twitter.com/zSJWnriUjD
— cricket.com.au (@cricketcomau) November 4, 2024
പാകിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് വിജയവും നേടി. പലതവണ മാറി മറിഞ്ഞ മത്സരഫലത്തിനൊടുവിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അവസാനനിമിഷ പോരാട്ടമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 46.4 ഓവറിൽ 203 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 33.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
മെൽബണിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ആണ് പാകിസ്താൻ നിരയിലെ ടോപ് സ്കോറർ. ബാബർ അസം 37 റൺസെടുത്തു. വാലറ്റത്ത് 39 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 40 റൺസെടുത്ത നസീം ഷായാണ് പാകിസ്താൻ സ്കോർ 200 കടത്തിയത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റുകളെടുത്തു. പാറ്റ് കമ്മിൻസും ആദം സാബയും രണ്ട് വീതം വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കായി ജോഷ് ഇഗ്ലിഷ് 49 റൺസും സ്റ്റീവ് സ്മിത്ത് 44 റൺസും നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ടിന് 113 എന്ന സ്കോറിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഒമ്പതാമനായി ക്രീസിലെത്തി പുറത്താകാതെ 32 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. പാകിസ്താനായി ഹാരിസ് റൗഫ് മൂന്നും ഷഹീൻ ഷാ അഫ്രീദി രണ്ടും വിക്കറ്റുകളെടുത്തു.
Content Highlights: Kamran Ghulam mimics Steve Smith, gets dismissed by vicious bouncer next