'ഇന്ത്യ ഇപ്പോള്‍ തീര്‍ച്ചയായും ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്'; ഗംഭീറിനെതിരെ വിമർശനവുമായി മുന്‍ പാക് താരം

'ഞങ്ങള്‍ സമനിലയ്ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് IPL ലെ ചില പരിശീലകര്‍ പറയാറുണ്ട്. അത് ശരിയായ സമീപനമാണ്. എന്നാല്‍ 5 ദിവസത്തെ മത്സരത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും'

dot image

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് താരം ബാസിത് അലി. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമാണ് ഗംഭീറും സംഘവും വഴങ്ങിയത്. ഇതിന് പിന്നാലെ ഇന്ത്യ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ടായിരിക്കുമെന്ന് പറ‍ഞ്ഞ് ബാസിത് അലി രം​ഗത്ത് വന്നത്.

'ഇന്ത്യ ഇപ്പോള്‍ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹത്തിന് നാല് ദിവസത്തെ കൃത്യമായ പ്ലാനുണ്ടായിരിക്കും. എന്നാല്‍ ഇപ്പോഴത്തെ മാനേജ്‌മെന്റ് രണ്ടോ രണ്ടര ദിവസത്തേക്കോ മാത്രമേ ചിന്തിക്കുന്നുള്ളൂ', ബാസിത് അലി തുറന്നടിച്ചു. മൂന്നാം ടെസ്റ്റില്‍ വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ പരാജയം വഴങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാസിത് അലിയുടെ വിമര്‍ശനം.

'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒരു മത്സരം പോലെ ഒരിക്കലും നിങ്ങള്‍ക്ക് ടെസ്റ്റ് കളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ സമനിലയ്ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് ഐപിഎല്ലിലെ ചില പരിശീലകര്‍ പറയാറുണ്ട്. അത് ശരിയായ സമീപനമാണ്. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും', ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍ മുഖ്യപരിശീലകനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ പരാജയം വഴങ്ങുന്നത്. ജൂലൈ ഒടുവില്‍ ശ്രീലങ്കന്‍ പരമ്പരയിലാണ് ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റത്. ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര കൈവിട്ടു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയോട് ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്.

പിന്നാലെയാണ് ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയത്. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ സമ്പൂര്‍ണ്ണമായി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. ഇതോടെയാണ് ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Content Highlights: India must be missing Rahul Dravid, Former Pakistan player slams Gautam Gambhir

dot image
To advertise here,contact us
dot image