ടെസ്റ്റില്‍ പാകിസ്താനും ഇപ്പോള്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പാക് ഇതിഹാസ പേസര്‍ വസീം അക്രം. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് പാക് മുന്‍ താരം രംഗത്തെത്തിയത്. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനൊപ്പം പാകിസ്താന്‍- ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ കമന്ററി പറയവേയായിരുന്നു ഇരുവരും ഇന്ത്യയുടെ തോല്‍വിയും ചര്‍ച്ച ചെയ്തത്.
ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു ടെസ്റ്റ് പരമ്പര കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കമന്‍ററിക്കിടെ മൈക്കൽ വോണ്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഇരുടീമുകളുടെ ഫോമിന്റെ അടിസ്ഥാനത്തില്‍ കൗതുകകരമായ മത്സരത്തിന് തന്നെ സാക്ഷ്യം വഹിക്കാമെന്നും വോണ്‍ പറഞ്ഞു.
വോണിനോട് യോജിച്ചുകൊണ്ട് സംസാരിച്ച അക്രം അതൊരു വളരെ വലിയ മത്സരം തന്നെയായിരിക്കുമെന്നും ക്രിക്കറ്റിനെ ഭ്രാന്തമായി ആരാധിക്കുന്ന രാജ്യങ്ങള്‍ക്ക് ആ ടെസ്റ്റ് പരമ്പര ഒരുപാട് ഗുണം ചെയ്യുമെന്നും പറഞ്ഞു. പാകിസ്താന് ഇപ്പോള്‍ ഇന്ത്യയെ ടേണറുകളില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വോണും അഭിപ്രായപ്പെട്ടു. 'സ്പിന്നിങ് ട്രാക്കില്‍ ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് ഇപ്പോള്‍ അവസരമുണ്ട്. ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയതാണ്', അക്രം മറുപടി പറഞ്ഞു.
Wasim Akram is confident that Pakistan will beat India on spinning tracks following Rohit Sharma's 3-0 Test series loss to New Zealand at home.#Tests #INDvsPAK pic.twitter.com/vopDMVPeLw
— CricTracker (@Cricketracker) November 4, 2024
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ്ണ തോല്‍വി നേരിട്ടിരുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ സമ്പൂര്‍ണ്ണമായി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. 2000ത്തില്‍ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയിരുന്നു.
അതേസമയം ടെസ്റ്റില്‍ തിരിച്ചുവരവിന്റെ പാതയിലാണ് പാകിസ്താന്‍. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാക് പട സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ പരാജയം വഴങ്ങിയതിന് പിന്നാലെ രണ്ട് മത്സരവും വിജയിച്ചാണ് പാക് പട പരമ്പര പിടിച്ചെടുത്തത്. 2021ന് ശേഷം ഇതാദ്യമായാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
Content Highlights: Pakistan can beat India in Test cricket on spinning pitches says Wasim Akram