റീട്ടെയിൻ ചെയ്ത താരങ്ങൾ ടീമിൽ സ്ഥാനം അർഹിക്കുന്നവർ, ഇത്തവണ രാജസ്ഥാൻ കിരീടം നേടുമെന്ന് പ്രതീക്ഷ: രാഹുൽ ദ്രാവിഡ്

ടീമിലെ ചില സ്ഥാനങ്ങൾ നിശ്ചയിച്ചാണ് മെ​ഗാലേലത്തിന് മുമ്പായി താരങ്ങളെ നിലനിർത്തിയതെന്നും ദ്രാവിഡ്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇത്തവണ രാജസ്ഥാൻ റോയൽസ് കിരീടം നേടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏറെ വർഷങ്ങൾക്ക് മുമ്പാണ് രാജസ്ഥാൻ ഐപിഎൽ ചാംപ്യന്മാരായത്. അതുകൊണ്ട് ഇത്തവണ കിരീടം നേടുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. അതുപോലെ ഐപിഎല്ലിൽ ഒരുപാട് മികച്ച ടീമുകളുണ്ടെന്ന് മനസിലാക്കുന്നു. രാഹുൽ ദ്രാവിഡ് ജിയോ സിനിമയ്ക്ക് നൽ‌കിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ.

ഐപിഎൽ മെ​ഗാലേലത്തിന് മുമ്പായി ആറ് താരങ്ങളെ നിലനിർത്താൻ കഴിഞ്ഞത് ​ഗുണം ചെയ്തു. അത് ടീമിന് അടിത്തറയിടാൻ സഹായിച്ചു. എങ്കിലും കൂടുതൽ താരങ്ങളെ നിലനിർത്താൻ കഴിയുമായിരുന്നെങ്കിൽ അത് ഉപയോ​ഗിക്കുമായിരുന്നു. ഇപ്പോൾ നിലനിർത്തിയ താരങ്ങൾ രാജസ്ഥാൻ നിരയിൽ സ്ഥാനം അർഹിക്കുന്നവരാണ്. ഇപ്പോൾ ഐപിഎൽ ലേലത്തിന് മുമ്പായി കുറഞ്ഞ തുകയാണ് രാജസ്ഥാന്റെ കൈവശമുള്ളത്. ടീമിലെ ചില സ്ഥാനങ്ങൾ നിശ്ചയിച്ചാണ് താരങ്ങളെ നിലനിർത്തിയത്. അതുകൊണ്ട് ഇനി മികച്ച ടീമിനെ സൃഷ്ടിക്കാൻ കഴിയും. രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായി സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെ​ഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചിലവഴിക്കാൻ കഴിയും.

Content Highlights: Rahul Dravid Express hope to be crown IPL title in next season

dot image
To advertise here,contact us
dot image