സീനിയേഴ്സിന് അല്ല, ജൂനിയര്‍ താരങ്ങള്‍ക്കായെങ്കിലും ഓസീസ് മണ്ണിൽ സന്നാഹമത്സരം കളിക്കണം, പ്ലീസ്!: ഗവാസ്കര്‍

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ സന്നാഹ മത്സരം ബിസിസിഐ റദ്ദാക്കിയിരുന്നു.

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം സന്നാഹ മത്സരങ്ങള്‍ കളിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ സന്നാഹ മത്സരം നേരത്തെ ബിസിസിഐ റദ്ദാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങുന്ന ജൂനിയര്‍ താരങ്ങള്‍ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ക്ക് ആവശ്യമില്ലെങ്കിലും ജൂനിയര്‍ താരങ്ങള്‍ക്ക് വേണ്ടി ടീം സന്നാഹ മത്സരങ്ങള്‍ കളിക്കണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം.

നവംബര്‍ 22ന് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഗവാസ്‌കറിന്റെ നിര്‍ദേശം. 'ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ സന്നാഹമത്സരങ്ങള്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടിയല്ല. ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലാത്ത യശസ്വി ജയ്‌സ്‌വാള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നീ യുവബാറ്റര്‍മാര്‍ക്ക് വേണ്ടി ഇന്ത്യ ഒരു സന്നാഹ മത്സരം നടത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', ഗവാസ്‌കര്‍ പറഞ്ഞു.

നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എ ടീമുമായോ ക്വീന്‍സ്‌ലാന്‍ഡ് ടീമുമായോ സന്നാഹ മത്സരം നടത്തണം. ഇതിലൂടെ ഓസ്‌ട്രേലിയന്‍ പിച്ചുകളുടെ ബൗണ്‍സും പേസും മനസിലാക്കാനും പൊരുത്തപ്പെടാനും ജൂനിയര്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നിലവില്‍ ഓസ്‌ട്രേലിയയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെതിരായ സന്നാഹ മത്സരമാണ് ബിസിസിഐ റദ്ദാക്കിയത്. പരമ്പര തുടങ്ങാനിരിക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കേണ്ടെന്ന് കരുതിയാണ് മൂന്ന് ദിവസത്തെ പരിശീലന മത്സരം ഉപേക്ഷിച്ചത്. പകരം ഗ്രൂപ്പായി തിരിഞ്ഞ് ഇന്ത്യന്‍ താരങ്ങൾ പരിശീലനം നടത്തുമെന്നും ബിസിസിഐ അറിയിച്ചു. നവംബര്‍ 15 മുതല്‍ 17 വരെയാണ് മത്സരം തീരുമാനിച്ചിരുന്നത്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താൻ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ നിർണായക വിജയങ്ങൾ അനിവാര്യമാണ്. 2018 മുതൽ ബോർഡർ ​ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈവശമാണ്. അതിൽ രണ്ട് തവണ ഓസ്ട്രേലിയൻ മണ്ണിലായിരുന്നു ഇന്ത്യൻ ജയം. ഇത്തവണ വിജയിച്ചാൽ ഓസ്ട്രേലിയയിൽ ഹാട്രിക് പരമ്പര നേട്ടമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കും.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Sunil Gavaskar urges India to play warm up game before Australia Test series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us