മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 25 റണ്‍സിന്റെ പരാജയം വഴങ്ങിയപ്പോഴും രണ്ട് ഇന്നിങ്‌സുകളിലും അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ പോരാട്ടം പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ പന്തിന്റെ ചെറുത്തുനില്‍പ്പ് തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നെന്നാണ് കിവീസ് ക്യാപ്റ്റന്‍ തുറന്നുപറയുന്നത്.
'റിഷഭ് പന്ത് ക്രീസില്‍ തുടര്‍ന്നിരുന്ന സമയത്തോളം മത്സരം അവസാനിച്ചെന്നോ ഞങ്ങള്‍ വിജയിക്കുമെന്നോ വിശ്വസിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് അവരുടെ ടീമിലുടനീളം മാച്ച് വിന്നര്‍മാര്‍ ഉണ്ട്. അവര്‍ കളിക്കുന്ന രീതി വെച്ച് അവര്‍ വളരെ കാലമായി വിജയിക്കുകയും ചെയ്തിരുന്നു', ലാഥം പറഞ്ഞു.
Tom Latham said, "when Rishabh Pant was batting, I certainly didn't believe that the game was over or we were ahead. India have match winners throughout their side, they've been successful playing the way that they've been playing for a long time". pic.twitter.com/fIZS5lIuaI
— Mufaddal Vohra (@mufaddal_vohra) November 3, 2024
ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ചേസിങ്ങിന് നെടുന്തൂണായത് വിക്കറ്റ് കീപ്പർ റിഷബ് പന്താണ്. മറ്റു ബാറ്റർമാരെല്ലാം കളി മറന്നപ്പോൾ റിഷഭ് ആണ് ആധികാരികമായി സ്പിന്നർമാരെ ആക്രമിച്ച് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത്. അജാസ് പട്ടേലിന്റെ പന്തിൽ പുറത്താവുന്നതിന് മുമ്പ് 57 പന്തിൽ 64 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതിൽ 9 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെടും.
എന്നാല്‍ ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലും പരാജയം വഴങ്ങിയ ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
Content Highlights: Tom Latham admits Rishabh Pant Scared New Zealand in 3rd Test