ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്ത്യ സമ്പൂര്‍ണ പരാജയം വഴങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശം ഫോമിലാണ് ബാറ്റുവീശിയിരുന്നത്. 2, 52, 0, 8, 18, 11 എന്നിങ്ങനെ ആറ് ഇന്നിങ്‌സുകളിലടക്കം 91 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പര അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മോശം ഫോം ആശങ്ക വർധിപ്പിക്കുകയാണ്. ഇപ്പോള്‍ രോഹിത്തിന്റെ പ്രകടനത്തെ കുറിച്ച് വിശകലനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലുടനീളം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു കാര്യം മറന്നുപോയെന്നാണ് മുന്‍ സഹതാരം കൂടിയായ ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്. തന്‍റെ ടെക്ക്നിക്കുകളില്‍ വിശ്വാസമർപ്പിച്ച് കളിക്കുന്നതിന് പകരം അന്ധമായി ആക്രമിച്ചുകളിക്കുകയാണ് രോഹിത് ചെയ്യുന്നതെന്നാണ് ഡികെയുടെ നിരീക്ഷണം. സമ്മർദം നേരിടുമ്പോൾ രോഹിത് ആക്രമണ ഷോട്ടുകളെ ആശ്രയിക്കാറുണ്ടെന്നും അതാണ് പുറത്താകലിലേക്ക് നയിക്കുന്നതെന്നും ഡി കെ പറഞ്ഞു.
'ഓപ്പണറായ രോഹിത് തന്റെ ടെക്ക്നിക്കുകളെ വിശ്വസിച്ച് കളിച്ചിരുന്നു. എന്നാല്‍ ഈ ടെസ്റ്റ് പരമ്പരയിലുടനീളം തന്റെ ടെക്നിക്കുകൾ മറന്ന് കളിക്കുന്ന രോഹിത്തിനെയാണ് കാണാൻ കഴിഞ്ഞത്. തീർച്ചയായും ആക്രമിച്ച് കളിക്കുന്നത് ഒരു ഓപ്ഷനാണ്. എന്നാല്‍ അവിടെയും നിങ്ങളുടെ ടെക്ക്നിക്കുകളെ വിശ്വസിച്ചാല്‍ മാത്രമേ തന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്താൻ കഴിയുകയുള്ളൂ.', ദിനേശ് കാര്‍ത്തിക് പറഞ്ഞു.
'ന്യൂസിലാന്‍ഡിനെതിരെ രോഹിത് ആക്രമിച്ചുകളിക്കാനാണ് ശ്രമിച്ചിരുന്നത്. സോഫ്റ്റ് ഷോട്ടുകള്‍ കളിക്കുന്നതിലൂടെ ഒരുപക്ഷേ പുറത്താകുമെന്ന ആശങ്ക കൊണ്ടാകാം അങ്ങനെ ചെയ്തത്. എന്നാല്‍ അത് അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്', കാര്‍ത്തിക് പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലും പരാജയം വഴങ്ങിയ ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
Content Highlights: IND vs NZ: Rohit Sharma is not trusting his technique Says Dinesh Karthik