ഓസീസ് പരമ്പരയിൽ ഇന്ത്യയെ ബുംറ നയിക്കട്ടെ; രോഹിത് സമ്മർദ്ദങ്ങളില്ലാതെ കളിക്കട്ടെ; സുനിൽ ഗവാസ്‌ക്കർ

ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് മുന്നിൽ അടിയറവ് വെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്.

dot image

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്‍റിൽ രോഹിതിന് പകരം ഇന്ത്യയെ ബുംറ നയിക്കണമെന്ന് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. രോഹിത് വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് മത്സരം കളിക്കില്ലെന്ന റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഗവാസ്‌ക്കറിന്റെ പ്രതികരണം.

‘ക്യാപ്റ്റൻ ഓപ്പണിങ് ടെസ്റ്റ് കളിക്കണം. പരമ്പരയുടെ ആദ്യ ടെസ്റ്റിൽ തന്നെ ക്യാപ്റ്റന്‍റെ അന്നാന്നിധ്യം വൈസ് ക്യാപ്റ്റനെയും മറ്റ് താരങ്ങളെയും കടുത്ത സമ്മർദത്തിലാക്കും, അത് കാര്യങ്ങൾ എളുപ്പമാക്കില്ല. രോഹിത് ഓപ്പണിങ് ടെസ്റ്റ് കളിക്കില്ലെന്ന റിപ്പോർട്ടുകൾ നമ്മൾ കാണുന്നുണ്ട്. രണ്ടാം ടെസ്റ്റിലും താരം കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. റിപ്പോർട്ട് ശരിയാണെങ്കിൽ രോഹിത്തിനോട് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ അജിത് അഗാർക്കർ പറയണം.' ഗവാസ്‌ക്കർ പറഞ്ഞു.

രോഹിത്ത് ആവശ്യമെങ്കിൽ വിശ്രമം എടുക്കട്ടെ, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളാണത്. പക്ഷേ, പരമ്പരയിൽ ഒരു താരം എന്ന നിലയിൽ മാത്രം രോഹിത് കളിക്കട്ടെ. ആഗ്രഹിക്കുന്ന സമയത്ത് ടീമിനൊപ്പം ചേരട്ടെ, ഈ പരമ്പരയിൽ ഒരു മാറ്റമെന്ന നിലയിൽ ബുംറ ക്യാപ്റ്റനാവട്ടെ, അദ്ദേഹം അത് അർഹിക്കുന്നുണ്ട്. ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.

അതേ സമയം മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിനു മുന്നിൽ അടിയറവെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്. ഓസീസിനെതിരെ പരമ്പര 4-1ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകൂ, മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിർണായകമാകും.

രോഹിത്, വിരാട് കോഹ്‌ലി ഉൾപ്പെടെ സീനിയർ താരങ്ങളുടെ മോശം ബാറ്റിങ് പ്രകടനവും ടീം ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് കുറ്റസമ്മതം നടത്തിയിരുന്നു. അത് കൊണ്ട് തന്നെ പരമ്പര വിരാടിനും രോഹിതിനും ഏറെ നിർണ്ണായകമാകും.

Content Highlights: sunil gavaskar on rohit sharma captaincy

dot image
To advertise here,contact us
dot image