ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയെ ഭയപ്പെടണമെന്ന് ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡ്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം വഴങ്ങിയാണ് ഇന്ത്യ ഓസ്ട്രേലിയയിലെത്തുന്നതെങ്കിലും രോഹിത്തിനെയും സംഘത്തെയും ചെറുതായി കാണരുതെന്നാണ് ഹേസല്‍വുഡിന്റെ അഭിപ്രായം. കിവികള്‍ക്കെതിരായ തോല്‍വി ഉറങ്ങിക്കിടക്കുന്ന ഇന്ത്യയെന്ന ഭീമനെ ഉണര്ത്തിയിട്ടുണ്ടാകാമെന്നാണ് ജോഷ് ഹേസല്‍വുഡ് പറയുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസീസ് പരമ്പരയില്‍ വലിയ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഓസീസിനെതിരെ പരമ്പര 4-1ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാനാകൂ. മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിര്‍ണായകമാകും. ഈ സമ്മര്‍ദ്ദത്തില്‍ ഇറങ്ങുന്ന ഇന്ത്യ അപകടകം വിതച്ചേക്കാമെന്നാണ് ഹേസല്‍വുഡ് വിശ്വസിക്കുന്നത്.
'ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരാജയം വഴങ്ങേണ്ടിവന്നത് ഉറങ്ങിക്കിടക്കുന്ന ഭീമനെ തീര്‍ച്ചയായും ഉണര്‍ത്തിയിട്ടുണ്ടാകും. ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്ന് കണ്ടു തന്നെ അറിയാം', ഹേസല്‍വുഡ് പറഞ്ഞു. മോണിങ് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയ്ക്കെതിരെ 3-0ത്തിന് ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് വലിയ കാര്യമാണ്. ആ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസത്തെ തീര്‍ച്ചയായും ഉണര്‍ത്തിയിട്ടുണ്ടാകും. ഓസ്ട്രേലിയയില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉണ്ട്. അവരില്‍ നിന്ന് പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാണാം', ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
Josh Hazlewood commented, "A whitewash might awaken a 'sleeping giant'," referring to India's 3-0 loss against New Zealand. #BGT2024 #BGT #joshhazlewood pic.twitter.com/XAtzTVtBnx
— Cricket Thrill (@Crickethrill) November 4, 2024
ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലും പരാജയം വഴങ്ങിയ ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വിയാണ് നേരിട്ടത്. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ സമ്പൂര്‍ണ്ണമായി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. 2000ത്തില്‍ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് ഇനി നവംബർ 22ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
Content Highlights: 'Might Awaken A Sleeping Giant', Josh Hazlewood Warns Australia Ahead Of BGT