ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമ വിരമിക്കണമെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 'വിമർശകർ ഒരുപാട് കാര്യങ്ങൾ ചിന്തിക്കുകയാണ്. എന്നാൽ രോഹിത് ശർമ മികച്ച പ്രകടനം നടത്തുന്നില്ലെന്ന് തോന്നിയാൽ അയാൾ ക്രിക്കറ്റിൽ നിന്ന് സ്വയം വിരമിക്കും. അത് നമ്മുക്ക് അറിയാവുന്നതാണ്. രോഹിത് ശർമ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. ഇപ്പോൾ ഏകദിന, ടെസ്റ്റ് മത്സരങ്ങളിലാണ് രോഹിത് കളിക്കുന്നത്. അയാൾക്ക് പ്രായം കൂടുകയാണെന്നത് ഇപ്പോൾ മനസിൽ വെക്കാം'. ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് മോശമായി കളിച്ചെന്ന് അയാൾ സമ്മതിച്ചുകഴിഞ്ഞു. അത് വലിയൊരു കാര്യമാണ്. തിരിച്ചുവരവിനുള്ള സൂചനയാണത്. ഒരാൾ തന്റെ തെറ്റ് സമ്മതിക്കുന്നത് വലിയ കാര്യമാണ്. തന്റെ തെറ്റുകൾ സമ്മതിക്കുകയെന്നത് ഒരു മനുഷ്യന്റെ വലിയ ഗുണമാണ്. രോഹിത് തന്റെ തെറ്റുകൾ തുറന്ന് സമ്മതിച്ചു. അയാൾ തിരിച്ചുവരിന്റെ പാതയിലാണെന്നതിന് അതാണ് തെളിവെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
Content Highlights: Rohit Sharma on the road to change the rhythm says former India Star