2007 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിങ് ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ അടിച്ചെടുത്ത സംഭവം ഓര്‍ത്തെടുത്ത് ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ അഭിഷേക് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബര്‍ എട്ടിന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് വേണ്ടി ഡര്‍ബനിലെത്തിയപ്പോഴാണ് അഭിഷേക് തന്റെ ആരാധനാപാത്രവും മെന്ററുമായ യുവരാജിന്റെ കരിയറിലെയും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെയും ചരിത്രനിമിഷം ഓര്‍ത്തെടുത്തത്. യുവരാജിന്റെ പ്രകടനം തന്റെ കരിയറില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ അഭിഷേക് വ്യക്തമാക്കി.
'ഞാന്‍ ഡര്‍ബനില്‍ ആദ്യമായാണ് വരുന്നത്. ഇതിനുമുന്‍പ് ടിവിയിലാണ് പലതവണ കണ്ടിട്ടുള്ളത്. ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. 2007 ടി20 ലോകകപ്പില്‍ യുവരാജ് സിങ് ആറ് സിക്‌സറുകള്‍ അടിച്ചതെല്ലാം കണ്ടുവളര്‍ന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുമാണ് ഞാന്‍ വരുന്നത്. ഡര്‍ബനിലെത്തിയ ഒന്നാം ദിവസം തന്നെ യുവി ഏതെല്ലാം ഭാഗത്തേക്കാണ് ആ സിക്‌സുകള്‍ അടിച്ച് പറത്തിയിട്ടുണ്ടാവുകയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍', അഭിഷേക് പറഞ്ഞു.
യുവരാജിന് അഭിമാനിക്കുന്നതിന് വേണ്ടി ഇതേ മൈതാനത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരോവറില്‍ ആറ് സിക്‌സടിച്ച് 'യുവി മാജിക്' പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് അഭിഷേക് പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു. 'ഇന്ത്യ ലോകകപ്പ് വിജയിക്കുന്ന സമയം ഞാന്‍ വീട്ടുകാര്‍ക്കൊപ്പമിരുന്ന് കളി കാണുകയായിരുന്നു. ഫൈനലില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ ഞങ്ങളുടെ കോളനി മുഴുവന്‍ പുറത്തിറങ്ങി ആഘോഷിച്ചു. കാലങ്ങള്‍ക്കിപ്പുറം ഇവിടേക്ക് വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. യുവ്‌രാജ് സിങ്ങും ഈ മത്സരം കാണുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം ഇവിടെ കളിക്കുന്നത് കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് വളര്‍ന്ന എനിക്ക് അതൊരു സ്വപ്‌നം തന്നെയായിരിക്കും. അദ്ദേഹത്തിന് അഭിമാനമാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും', അഭിഷേക് കൂട്ടിച്ചേര്‍ത്തു.
2007 സെപ്റ്റംബര്‍ 19നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് യുവരാജ് തകര്‍ത്താടിയത്. പ്രഥമ ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്‌സ് മത്സരത്തിലായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ഇംഗ്ലീഷ് ബൗളിങ്ങിന്റെ കുന്തമുനയായി പിന്നീട് മാറിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഒറ്റ ഓവറിലെ ആറ് സിക്‌സറുകളടക്കം 12 പന്തില്‍ 50 കടന്ന യുവരാജ് ആകെ ഏഴ് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 16 പന്തില്‍ 58 റണ്‍സാണെടുത്തത്. ഇംഗ്ലണ്ട് 18 റണ്‍സിന് പരാജയം വഴങ്ങിയ മത്സരത്തിലെ താരമായതും യുവരാജാണ്.
Content Highlights: SA vs IND: Abhishek Sharma promises to make Yuvraj Singh proud at his '6-sixes' venue Durban