
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഇറ്റലിയില്‍ നിന്ന് ഒരു താരം മാറ്റുരക്കാനെത്തുന്നു. തോമസ് ജാക്ക് ഡ്രാക്കയാണ് ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇറ്റാലിയന്‍ താരമായി മാറിയത്. ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തിലാണ് ഡ്രാക്ക രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1,165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 1,574 പേരാണ് ഇത്തവണത്തെ മെഗാലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ നിന്നും വ്യത്യസ്തമായ താരമായി തന്നെ ഡ്രാക്കയെ കണക്കാക്കാം. പരമ്പരാഗതമായി ഫുട്‌ബോളിന് മുന്‍ഗണന നല്‍കുന്ന, ക്രിക്കറ്റിന് ബാക്ക്‌സീറ്റില്‍ സ്ഥാനം നല്‍കിയിട്ടുള്ള രാജ്യമാണ് ഇറ്റലി. അത്തരമൊരു രാജ്യത്തില്‍ നിന്നും ഐപിഎല്‍ പോലൊരു ആഗോള ക്രിക്കറ്റ് മാമാങ്കത്തിന് രജിസ്റ്റര്‍ ചെയ്തതിലൂടെ ഡ്രാക്ക ഇറ്റാലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു നാഴികക്കല്ലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ക്രിക്കറ്റിനെ ആഗോള തലത്തിലേക്കുയര്‍ത്താന്‍ ഡ്രാക്കയുടെ ഈ ചെറിയ ചുവടുവെപ്പ് സഹായകമാകും.
Thomas Jack Draca pic.twitter.com/9KlM7EJv4J
— Prakash (@definitelynot05) November 5, 2024
ആരാണ് തോമസ് ജാക്ക് ഡ്രാക്ക?
ട്വന്റി20 ക്രിക്കറ്റില്‍ ഇതിനോടകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് 24കാരനായ ഡ്രാക്ക. 2024 ജൂണ്‍ ഒന്‍പതിന് ലക്‌സംബര്‍ഗിനെതിരെയാണ് ഡ്രാക്ക അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ നാല് ടി20 മത്സരങ്ങളില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി ഡ്രാക്ക ശ്രദ്ധ നേടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല ഡ്രാക്കയുടെ അനുഭവപരിചയം. ഫ്രാഞ്ചൈസി ലീഗായ ഐഎല്‍ടി 20യില്‍ മികച്ച പ്രകടനമാണ് വലംകൈയന്‍ പേസര്‍ കാഴ്ചവെച്ചിട്ടുള്ളത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്സ് ടീമിന് വേണ്ടിയാണ് ഐഎല്‍ടി 20യില്‍ ഡ്രാക്ക കളിച്ചത്. കൂടാതെ, ഗ്ലോബല്‍ ടി20 കാനഡയില്‍ ബ്രാംപ്ടണ്‍ വോള്‍വ്സിനൊപ്പം അദ്ദേഹം തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി ജിദ്ദയില്‍ നടക്കാന്‍ പോവുകയാണ്. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 409 വിദേശ താരങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 91 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ലേലത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ഓസ്‌ട്രേലിയ- 76, ഇംഗ്ലണ്ട്- 52, ന്യൂസീലാന്‍ഡ്- 39, വെസ്റ്റ് ഇന്‍ഡീസ്- 33, ശ്രീലങ്ക- 29, അഫ്ഗാനിസ്ഥാന്‍- 29, ബംഗ്ലാദേശ്- 13, നെതര്‍ലന്‍ഡ്‌സ്- 12 എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. ഇറ്റലി, യുഎഇ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Content Highlights: Thomas Draca becomes first player from Italy to register for IPL 2025 auction