ചരിത്രം കുറിച്ച് ജലജ് സക്‌സേന; രഞ്ജിയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി കേരള താരം

ഉത്തര്‍പ്രദേശിനെതിരായ കേരളത്തിന്റെ രഞ്ജി മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് കേരളത്തിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന. രഞ്ജിയില്‍ 6,000 റണ്‍സും 400 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ജലജ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഉത്തര്‍പ്രദേശിനെതിരായ കേരളത്തിന്റെ രഞ്ജി മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജലജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. 17 ഓവര്‍ എറിഞ്ഞ ജലജ് 56 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ഉത്തര്‍പ്രദേശിന്റെ നിതീഷ് റാണയെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് തികച്ചതോടെയാണ് രഞ്ജിയില്‍ 400 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്.

ഉത്തര്‍പ്രദേശ് ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ (57 പന്തില്‍ 23), മാധവ് കൗശിക് (58 പന്തില്‍ 13), നിതീഷ് റാണ സിദ്ധാര്‍ത്ഥ് യാദവ് (25 പന്തില്‍ 19), എന്നിവരെയാണ് സക്‌സേന പുറത്താക്കിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ 29-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും താരം രേഖപ്പെടുത്തി.

ജലജിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ കേരളത്തിന് സാധിച്ചു. ടോസ് നഷ്ടമായി ആദ്യ ദിനം ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് വേണ്ടി ശിവം ശര്‍മ 30 റണ്‍സും നിതീഷ് റാണ 25 റണ്‍സുമെടുത്തു. 129-9 എന്ന നിലയില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ ശിവം ശര്‍മയും ആക്വിബ് ഖാനും തമ്മിലുള്ള 33 റണ്‍സിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്.

ഓപണറും ക്യാപ്റ്റനും കൂടിയായ ആര്യൻ ജുയൽ (57 പന്തിൽ 23 റൺസ്), മാധവ് കൗശിക് (58 പന്തിൽ 13 റൺസ്), നിതീഷ് റാണ (46 പന്തിൽ 25 റൺസ്), സിദ്ധാർഥ് യാദവ് (25 പന്തിൽ 19 റൺസ്), സൗരഭ് കുമാർ (52 പന്തിൽ 19 റൺസ്), ശിവം മാവി (22 പന്തിൽ 13 റൺസ്), പിയൂഷ് ചൗള (18 പന്തിൽ 10 റൺസ്) എന്നിവർ ഉത്തർപ്രദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആക്വിബ് ഖാൻ 26 പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി 12 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. കെഎം ആസിഫ്, ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടിയിൽ ഇന്നത്തെ കളിയവസാനിക്കുമ്പോൾ കേരളം 82 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്.

Content Highlights: Jalaj Saxena becomes 1st player with 6000 runs and 400 wickets in Ranji Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us