രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ഉത്തർപ്രദേശിനെ 162 റൺസിന് പുറത്താക്കാൻ കേരളത്തിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്. അതിഥി താരങ്ങളായ ബാബ അപരാജിത് (23 പന്തിൽ 21), ആദിത്യ സർവതെ (17 പന്തിൽ നാല്) എന്നിവരാണ് ക്രീസിൽ. എട്ട് വിക്കറ്റ് കെെയിലിരിക്കെ ഉത്തർപ്രദേശിനേക്കാൾ 80 റൺസ് മാത്രമാണ് കേരളം പിന്നിലുള്ളത്.
ഒന്നാം ഇന്നിങ്സിൽ ഉത്തർപ്രദേശിനെ 162 റൺസിന് പുറത്താക്കിയാണ് കേരളം മറുപടി ബാറ്റിങ് ആരംഭിച്ചത്. ഓപ്പണർമാരായ വത്സൽ ഗോവിന്ദ് (62 പന്തിൽ 23), രോഹൻ എസ്.കുന്നുമ്മൽ (38 പന്തിൽ 28) എന്നിവരാണ് കേരള നിരയിൽ പുറത്തായത്. വത്സലിനെ ശിവം മാവിയും രോഹനെ ആക്വിബ് ഖാനുമാണ് പുറത്താക്കിയത്.പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 25 പന്തിൽ 13 റൺസ് കൂട്ടിച്ചേർത്ത് ബാബ അപരാജിതും ആദിത്യ സർവതെയും ക്രീസിലുണ്ട്.
ടോസ് നഷ്ടമായി ആദ്യ ദിനം ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിനെ കേരളത്തിന്റെ ജലജ് സക്സേനയാണ് എറിഞ്ഞിട്ടത്. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജലജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 17 ഓവര്‍ എറിഞ്ഞ ജലജ് 56 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്.
പത്താം നമ്പറിൽ ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. 129-9 എന്ന നിലയില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ ശിവം ശര്‍മയും ആക്വിബ് ഖാനും തമ്മിലുള്ള 33 റണ്‍സിന്‍റെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്.
ഓപണറും ക്യാപ്റ്റനും കൂടിയായ ആര്യൻ ജുയൽ (57 പന്തിൽ 23 റൺസ്), മാധവ് കൗശിക് (58 പന്തിൽ 13 റൺസ്), നിതീഷ് റാണ (46 പന്തിൽ 25 റൺസ്), സിദ്ധാർഥ് യാദവ് (25 പന്തിൽ 19 റൺസ്), സൗരഭ് കുമാർ (52 പന്തിൽ 19 റൺസ്), ശിവം മാവി (22 പന്തിൽ 13 റൺസ്), പിയൂഷ് ചൗള (18 പന്തിൽ 10 റൺസ്) എന്നിവർ ഉത്തർപ്രദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആക്വിബ് ഖാൻ 26 പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
സക്സേനയ്ക്ക് പുറമെ കേരളത്തിന് വേണ്ടി ബേസിൽ തമ്പി 12 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. കെഎം ആസിഫ്, ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Content Highlights: Ranji Trophy: Kerala vs Uttar Pradesh Match Updates