ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി വെസ്റ്റ് ഇൻഡീസ് താരം ബ്രണ്ടൻ കിങ്. ഇംഗ്ലീഷ് ഓപണർ ഫിൽ സോൾട്ടിനെ പുറത്താക്കാനാണ് ബ്രണ്ടൻ കിങിന്റെ തകർപ്പൻ ക്യാച്ച്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 41-ാം ഓവറിലാണ് സംഭവം.
മാത്യു ഫോർഡ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലേക്ക് ഉയർത്തി അടിക്കാനാണ് ഫിൽ സോൾട്ട് ശ്രമിച്ചത്. അവിടെയുണ്ടായിരുന്ന ബ്രണ്ടൻ കിങ് പന്ത് ബൗണ്ടറിയിലേക്ക് ഡൈവ് ചെയ്ത് പിടിച്ചു. എന്നാൽ താൻ ബൗണ്ടറിയിലേക്ക് വീഴുമെന്ന് മനസിലാക്കിയ താരം പന്ത് അൽസാരി ജോസഫിന് ഇട്ടുകൊടുത്തു.
ജോസഫ് പന്ത് കൈപ്പിടിയിലാക്കിയതോടെ സോൾട്ട് പുറത്താകുകയും ചെയ്തു. ഒരു ഘട്ടത്തിൽ നാലിന് 24 എന്ന തകർന്ന ഇംഗ്ലണ്ടിനെ കരയകറ്റവേയാണ് സോൾട്ട് അപ്രതീക്ഷിതമായി പുറത്തായത്. 108 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 74 റൺസ് നേടിയാണ് സോൾട്ടിന്റെ മടക്കം.
The human highlight reel Brandon King creates a moment of absolute brilliance! 🏏🔥#TheRivalry | #WIvENG pic.twitter.com/jZUxAmO3Re
— Windies Cricket (@windiescricket) November 6, 2024
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും നേടിയ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ വിജയം. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫിൽ സോൾട്ട് 74, സാം കരൺ 40, ഡാൻ മൗസ്ലി 57 എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിൽ ടീം സ്കോർ 42ൽ നിൽക്കെ 19 റൺസെടുത്ത എവിൻ ലീവ്സിന്റെ വിക്കറ്റ് വിൻഡീസിന് നഷ്ടമായി. എന്നാല്‍ ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും ക്രീസിൽ ഒന്നിച്ചതോടെ വിൻഡീസ് സംഘത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ബ്രണ്ടൻ കിങ് 102 റൺസെടുത്താണ് പുറത്തായത്. കീസി കാർട്ടി 119 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്തു. ബ്രണ്ടൻ കിങ് പുറത്തായതോടെ ക്യാപ്റ്റൻ ഷായി ഹോപ്പ് ക്രീസിലെത്തി. വിൻഡീസ് വിജയം നേടുമ്പോൾ ഹോപ്പ് അഞ്ച് റൺസുമായി ക്രീസിൽ നിന്നു.
Content Highlights: Brandon King's stunning catch in boundary Phil Salt got out