'കോഹ്‌ലിയെ കണ്ടുപഠിച്ചാല്‍ ബാബറിന് രക്ഷപ്പെടാം, ഫോമിലെത്താം!; നിര്‍ദേശവുമായി റിക്കി പോണ്ടിങ്

കഴിഞ്ഞ 18 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും ബാബര്‍ അസമിന് നേടാന്‍ സാധിച്ചിട്ടില്ല.

dot image

പാകിസ്താന്‍ സ്റ്റാര്‍ ബാറ്റർ ബാബര്‍ അസം ഫോം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ പാത പിന്തുടരണമെന്ന് നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. സമീപകാല ക്രിക്കറ്റില്‍ ഏറ്റവും മോശം ഫോമിലാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം. ഈ സാഹചര്യത്തിലാണ് നിര്‍ദേശവുമായി പോണ്ടിങ് രംഗത്തെത്തിയത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഇതുപോലെ മോശം ഫോമിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ചെറിയ ഇടവേളയെടുത്ത് തിരിച്ചുവന്നിട്ടുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

'ബാബറിനെ പാക് ടീമിലേക്ക് തിരികെയെത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ബാബറിനെ ഫോമിലേക്കും പിന്നീട് ടെസ്റ്റ് ടീമിലേക്കും തിരികെയെത്തിക്കുന്നതിന് വേണ്ടിയുള്ള വഴി പാകിസ്താന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ബാബറിന്റെ പ്രകടനം കാണുമ്പോള്‍ നമ്മള്‍ പണ്ട് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ചതുപോലെയാണ്', റിക്കി പോണ്ടിങ് പറഞ്ഞു.

'എന്നാല്‍ കോഹ്‌ലി ക്രിക്കറ്റില്‍ നിന്ന് ഇടയ്ക്ക് ചെറിയൊരു ഇടവേള എടുത്ത് തിരിച്ചുവരാറുണ്ട്. ഇത് ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിക്കാറുണ്ടെന്ന് താരം തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇതായിരിക്കാം ബാബറിനും ആവശ്യമുള്ളത്. ഒരുപക്ഷേ ബാബറിന് ഗെയിമില്‍ നിന്ന് കുറച്ച് സമയം മാറിനില്‍ക്കേണ്ടിവന്നേക്കാം. കിറ്റ് ബാഗ് കുറച്ചുനേരം ലോക്ക് ചെയ്ത് മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുക. എന്നിട്ട് റീചാര്‍ജ് ആയി മടങ്ങിവരിക. കാരണം ബാബര്‍ മറ്റാരെക്കാളും മികച്ച താരമാണെന്ന് ഞങ്ങള്‍ക്കറിയാം', പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 18 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും ബാബര്‍ അസമിന് നേടാന്‍ സാധിച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാബറിനെ പാക് ടെസ്റ്റ് ടീമില്‍ നിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ താരം കളിച്ചിരുന്നില്ല. ഈ രണ്ട് മത്സരങ്ങളും വിജയിച്ച പാകിസ്താന്‍ പരമ്പര പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Content Highlights: Ricky Ponting advices Babar Azam to take Virat Kohli's route to regain form

dot image
To advertise here,contact us
dot image