ആര്‍സിബിക്ക് വേണ്ടത് ട്രോഫിയല്ല, ആ നാല് താരങ്ങളെ ടീമിലെത്തിക്കണം: ഡി വില്ലിയേഴ്‌സ്

മെഗാ ലേലത്തിന് മുന്‍പായി വിരാട് കോഹ്‌ലി ഉള്‍പ്പടെ മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയിരുന്നത്.

dot image

ഐപിഎല്‍ 2025 മെഗാതാരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കേണ്ട താരങ്ങളെ കുറിച്ച് ടീമിലെ മുന്‍ താരവും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ എ ബി ഡി വില്ലിയേഴ്‌സ്. മെഗാ ലേലത്തിന് മുന്‍പായി വിരാട് കോഹ്‌ലി ഉള്‍പ്പടെ മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയിരുന്നത്. കോഹ്‌ലിയെ റെക്കോര്‍ഡ് തുകയായ 21 കോടി രൂപയ്ക്ക് നിലനിര്‍ത്തിയപ്പോള്‍ യുവ ബാറ്റര്‍ രജത് പാട്ടിദാര്‍ (11 കോടി), പേസര്‍ യാഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരെയും ആര്‍സിബി റീട്ടെയിന്‍ ചെയ്തു. വിദേശ താരങ്ങളില്‍ ആരെയും ആര്‍സിബി നിലനിര്‍ത്തിയിരുന്നില്ല.

എന്നാലിപ്പോള്‍ താരലേലത്തില്‍ ബൗളര്‍മാരെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിക്കണമെന്നാണ് ഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെടുന്നത്. പുതിയ സീസണില്‍ ബെംഗളൂരുവിന് വേണ്ടത് ട്രോഫിയല്ലെന്നും മികച്ച ബൗളിങ് നിരയാണെന്നും താരം വ്യക്തമാക്കി. ഇതിന് വേണ്ടി ടീം ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണമെന്നും ഡി വില്ലിയേഴ്‌സ് പറയുന്നു.

'ശുഭവാര്‍ത്തയെന്താണെന്നാല്‍ വിരാട് കോഹ്‌ലി ഇപ്പോഴും നമുക്കൊപ്പമുണ്ട്. എന്നാല്‍ കോഹ്‌ലി മാത്രമല്ല ടീമിന് ആവശ്യം', വില്ലി ചൂണ്ടിക്കാട്ടി. റീട്ടെന്‍ഷനില്‍ അധികം പണം ചിലവഴിക്കാത്തതിനാല്‍ ഇത്തവണത്തെ ലേലത്തിൽ വലിയ തുക കയ്യിലുള്ളത് ബാംഗ്ലൂരിനെ സഹായിക്കും എന്നാണ് ഡി വില്ലിയേഴ്സ് കരുതുന്നത്. ആര്‍സിബിയുടെ മുന്‍ താരവും ലെഗ് സ്പിന്നറുമായ യുസ്‌വേന്ദ്ര ചഹലിനാണ് ഡി വില്ലിയേഴ്‌സ് പ്രഥമ പരിഗണന നല്‍കുന്നത്. 'ലേലത്തില്‍ യുസ്‌വേന്ദ്ര ചഹലിനെ ആദ്യം ആര്‍സിബി സ്വന്തമാക്കണം. അദ്ദേഹത്തെ ടീം കൈവിടാന്‍ പാടില്ലായിരുന്നു' വില്ലി പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ചഹലിനെ നിലനിർത്താതിരുന്നതുകൊണ്ട് ലേലത്തില്‍ താരവും ഉണ്ടാവും.

Yuzvendra Chahal

'ചഹലിനൊപ്പം കഗിസോ റബാഡ, ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ സ്വന്തമാക്കാനാണ് ആര്‍സിബി ആദ്യം ശ്രമിക്കേണ്ടത്. ലേലത്തിനായി അവശേഷിക്കുന്ന തുക വച്ച് ഇവരെ സ്വന്തമാക്കാനായി ഒരു വ്യക്തമായ പദ്ധതി ടീം തയ്യാറാക്കണം. റബാഡയെ ലേലത്തില്‍ ലഭിച്ചില്ലെങ്കില്‍ മുഹമ്മദ് ഷമിയെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കണം. അദ്ദേഹത്തെയും ലഭിച്ചില്ലെങ്കില്‍ അര്‍ഷ്ദീപ് സിങ്ങിനെ റാഞ്ചാന്‍ ശ്രമിക്കണം', ഡിവില്ലിയേഴ്‌സ് നിര്‍ദേശിച്ചു.

'ആര്‍സിബിക്ക് ഇപ്പോള്‍ ഒരു ട്രോഫി ആവശ്യമില്ല. ട്രോഫിയെ കുറിച്ച് മറന്നേക്കൂ. നമുക്ക് വേണ്ടത് ചിന്നസ്വാമി സ്റ്റേഡിയത്തെ കൃത്യമായി മനസ്സിലാക്കാനും തന്ത്രങ്ങള്‍ക്കനുസരിച്ച് പന്തെറിഞ്ഞ് അതിനനുസരിച്ച് മുന്‍പോട്ടു പോകാനും സാധിക്കുന്ന ഒരു സന്തുലിതമായ ടീമാണ്. മത്സരത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന താരങ്ങളെ കണ്ടെത്തി ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ട്രോഫിയും ടീമിലേക്ക് എത്തും', ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: AB De Villiers Names 4-Player List To RCB For IPL 2025 Mega Auction

dot image
To advertise here,contact us
dot image