'വെറുതെ റൂമിലിരുന്നാല്‍ പോരാ, പ്രാക്ടീസ് ചെയ്യണം'; ഓസീസ് പരമ്പരയ്ക്ക് മുന്നെ സൂപ്പര്‍ താരങ്ങളോട് കപില്‍ ദേവ്

സീനിയര്‍ താരങ്ങള്‍ ഫോമിലേക്കുയർന്ന് ബാറ്റിങ് നിര കരുത്തരാവുകയല്ലാതെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കില്ല

dot image

ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് നിര്‍ണായക ഉപദേശം നല്‍കി ഇതിഹാസതാരം കപില്‍ ദേവ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഏറെ നിര്‍ണായകമാണ് ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ​ഗവാസ്കർ പരമ്പര. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസിലാന്‍ഡിനോട് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സമ്പൂർണ പരാജയമായിരുന്നു രോഹിത് ശർമയും സംഘവും ഏറ്റുവാങ്ങിയത്.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ‌യും അടക്കമുള്ള സീനിയർ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടം വളരെ പ്രയാസമാണെന്ന് തന്നെ പറയാം. സീനിയര്‍ താരങ്ങള്‍ ഫോമിലേക്കുയർന്ന് ബാറ്റിങ് നിര കരുത്തരാവുകയല്ലാതെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കില്ല. ഇപ്പോൾ ഇന്ത്യയുടെ സൂപ്പർ‌ താരങ്ങൾ ഫോം വീണ്ടെടുക്കണമെങ്കില്‍ പരമാവധി പരിശീലനത്തില്‍ ഏർപ്പെടണമെന്നാണ് കപിൽ ദേവിന്‍റെ നിർദേശം.

'ബേസിക്സിലേക്ക് മടങ്ങുക. പരിശീലിക്കുക, പരിശീലിക്കുക, വീണ്ടും പരിശീലിക്കുക. റൂമില്‍ ഇരുന്ന് നന്നാവുക എന്നത് നടക്കുന്ന കാര്യമല്ല. നിങ്ങള്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ കൂടുതല്‍ പരിശീലിക്കുക. എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നോ അത്രത്തോളം നിങ്ങള്‍ ഫോമിലെത്തും', കപിൽ ദേവ് പറഞ്ഞു.

നവംബർ 22 മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഓസീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതേ‌സമയം മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡിനു മുന്നിൽ അടിയറവെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്. ഓസീസിനെതിരെ പരമ്പര 4-1ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകൂ, മാത്രമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളും നിർണായകമാകും.

Indian Cricket Team

രോഹിത്, വിരാട് കോഹ്‌ലി തുടങ്ങിവരുടെ മോശം ബാറ്റിങ് കിവീസിന് മുന്നില്‍ ഇന്ത്യ പരാജയപ്പെട്ടതിന്‍റെ പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് കുറ്റസമ്മതവും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ പരമ്പര വിരാടിനും രോഹിതിനും ഏറെ നിർണ്ണായകമാകും.

Content Highlights: Kapil Dev’s advice to struggling Indian batters, ‘Go back to the basics and practice’

dot image
To advertise here,contact us
dot image