ക്യാപ്റ്റനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കളംവിട്ടത് 'പണിയായി'; അല്‍സാരി ജോസഫിന് രണ്ട് മത്സരത്തില്‍ വിലക്ക്

സംഭവത്തില്‍ അല്‍സാരി ജോസഫ് ഖേദം പ്രകടിപ്പിച്ചിരുന്നു

dot image

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായി ഹോപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കളം വിട്ട പേസര്‍ അല്‍സാരി ജോസഫിന് തിരിച്ചടി. അടുത്ത രണ്ട് മത്സരത്തില്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അല്‍സാരിക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) നടപടി സ്വീകരിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. അല്‍സാരി ജോസഫിനായി ക്യാപ്റ്റന്‍ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീല്‍ഡ് സെറ്റപ്പില്‍ വിന്‍ഡീസ് പേസര്‍ തൃപ്തനല്ലായിരുന്നു. ആദ്യ മൂന്ന് പന്തുകള്‍ സാധാരണപോലെ പന്തെറിഞ അല്‍സാരി നാലാം ബോളില്‍ സ്പീഡ് വര്‍ധിപ്പിച്ചു. 148 കിലോ മീറ്റര്‍ വേഗതയില്‍ വന്ന പന്തില്‍ ബാറ്റുവെച്ച ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്‌സിനെ വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ ഷായി ഹോപ്പ് പിടികൂടി.

പിന്നാലെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം അല്‍സാരി ജോസഫ് വിന്‍ഡീസ് നായകനോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. ഓവറിലെ അഞ്ചാം പന്തില്‍ 148 കിലോ മീറ്റര്‍ സ്പീഡിലും അവസാന പന്തില്‍ 146 കിലോ മീറ്റര്‍ സ്പീഡിലുമാണ് അല്‍സാരി പന്തെറിഞ്ഞത്.

ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ ദേഷ്യത്തോടെ അല്‍സാരി ജോസഫ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സാമി താരവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അല്‍സാരി ശ്രദ്ധ കൊടുത്തില്ല. പിന്നാലെ ഏതാനും ഓവറുകള്‍ കഴിഞ്ഞതിന് ശേഷമാണ് അല്‍സാരി ജോസഫ് കളത്തിലേക്ക് മടങ്ങിയെത്തിയത്.

സംഭവത്തില്‍ പിന്നീട് അല്‍സാരി ജോസഫ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'ക്യാപ്റ്റന്‍ ഷായി ഹോപ്പിനോടും എന്റെ ടീമംഗങ്ങളോടും മാനേജ്‌മെന്റിനോടും വെസ്റ്റ് ഇന്‍ഡീസ് ആരാധകരോടും ഞാന്‍ മാപ്പുപറയുന്നു', അല്‍സാരി ജോസഫ് പറഞ്ഞു.

എന്നാല്‍ താരത്തിന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വിന്‍ഡീസ് കോച്ച് ഡാരന്‍ സമി നേരത്തെ പ്രതികരിച്ചിരുന്നു. കളിക്കാര്‍ പ്രകടമാക്കേണ്ട പ്രൊഫഷണലിസത്തില്‍ നിന്നും ഏറെ താഴെയുള്ള നടപടിയാണ് അല്‍സാരി ജോസഫിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 'അത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് നിര്‍ണായക നടപടി സ്വീകരിച്ചിട്ടുണ്ട്', ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.്

Content Highlights: West Indies pacer Alzarri Joseph faces a two-match suspension after on-field argument with Captain Shai Hope

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us