ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേട്ടം ആവർത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. പത്ത് വർഷമായി ഞാൻ ഈ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഈ നിമിഷം ഞാൻ നന്നായി ആസ്വദിക്കുന്നുവെന്നും സഞ്ജു പറഞ്ഞു. 'ഒരുപാട് ചിന്തിച്ചാൽ ഞാൻ വികാരാധീനനാകും. പത്ത് വർഷമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരുന്നു, ഞാൻ വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. എന്റെ കാലുകൾ നിലത്ത് നിൽക്കാനും ഈ നിമിഷത്തിൽ ആയിരിക്കാനും ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു; സഞ്ജു കൂട്ടിച്ചേർത്തു. പന്ത് അടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും അതിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും സഞ്ജു പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.
A hundred off just 47 balls 💯
— ICC (@ICC) November 8, 2024
Sanju Samson becomes the first Indian batter to make back-to-back T20I tons 🌟#SAvIND 📝: https://t.co/jWrbpilVUL pic.twitter.com/PIXnG2brq8
സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. 18 പന്തിൽ 33 റൺസ് നേടിയ തിലക് വർമയും 17 പന്തിൽ 21 റൺസെടുത്ത സൂര്യകുമാർ യാദവും ഭേദപ്പെട്ട പ്രകടനം നടത്തി. ഏഴ് റൺസെടുത്ത അഭിഷേക് ശർമയും രണ്ട് റൺസെടുത്ത ഹർദിക് പാണ്ഡ്യയും 11 റൺസെടുത്ത റിങ്കു സിങും ഏഴ് റൺസെടുത്ത അക്സർ പട്ടേലും എളുപ്പത്തിൽ മടങ്ങി.
Content Highlights: Sanju Samson on century perfomance vs south africa