വീണ്ടും ഇന്ത്യ എയുടെ രക്ഷകനായി ധ്രുവ് ജുറല്‍, വിജയ ലക്ഷ്യം 168; ഓസീസിന്റെ തുടക്കം തകർച്ചയോടെ

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ 229ന് പുറത്തായി

dot image

ഇന്ത്യ എ-ഓസ്‌ട്രേലിയ എ ചതുർദിന ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ എയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ 229ന് പുറത്തായി. തുടക്കാരെല്ലാം എളുപ്പത്തിൽ കൂടാരം കയറിയപ്പോൾ ധ്രുവ് ജുറല്‍ ആണ് വീണ്ടും ഇന്ത്യയുടെ രക്ഷകനായത്. 122 പന്തിൽ അഞ്ച് ഫോറുകളടക്കം 68 റൺസാണ് ജുറല്‍ നേടിയത്. ജുറലിന് കൂടാതെ തനുഷ് കൊട്ടിയാന്‍ (44), നിതീഷ് കുമാര്‍ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) എന്നിവർ നിര്‍ണായക സംഭാവന നല്‍കി.

കോറി റോച്ചിക്കോളി ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്തു. ബ്യൂ വെബ്‌സ്റ്റര്‍ മൂന്ന് വിക്കറ്റും നേടി. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മാര്‍കസ് ഹാരിസ് (0), കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (0) എന്നിവരാണ് മടങ്ങിയത്. നതാന്‍ മക്‌സ്വീനി, സാം കോണ്‍സ്റ്റാസ് എന്നിവരാണ് നിലവിൽ ക്രീസില്‍. പ്രസിദ്ധ കൃഷ്ണയാണ് രണ്ട് വിക്കറ്റും നേടിയത്.

നേരത്തെ, ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദര്‍ശന് (3), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (11) കെ എൽ രാഹുൽ (10) ദേവ്ദത്ത് പടിക്കൽ, എന്നിവരുടെ വിക്കറ്റുകളും രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായി.

ഒന്നാം ഇന്നിങ്സിൽ 161 റൺസായിരുന്നു ഇന്ത്യ കുറിച്ചിരുന്നത്. ഓസീസിന്റെ മറുപടി ബാറ്റിങ് 223 റണ്‍സിൽ അവസാനിച്ചു. 62 റൺസിന്റ ഒന്നാം ഇന്നിങ്‌സ് ലീഡായിരുന്നു ഓസീസിനുണ്ടായിരുന്നത്. 74 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് ഓസീസിനെ ഈ സ്‌കോറിൽ പിടിച്ചു കെട്ടിയത്. മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറലാണ് വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.

Content Highlights: Dhruv jurel impresses again; India a vs Australia Test match

dot image
To advertise here,contact us
dot image