സഞ്ജു പറഞ്ഞതില്‍ സംശയമുണ്ട്!; സെഞ്ച്വറിയുടെ ക്രെഡിറ്റ് പരിശീലകർക്ക് മാത്രമല്ലെന്ന നീരീക്ഷണവുമായി എ ബി ഡി

എല്ലാ ഫോര്‍മാറ്റുകളിലും സഞ്ജു കളിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു.

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറിയടിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. ടി20യില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയതിന്റെ ക്രെഡിറ്റ് കോച്ചുമാരായ ഗൗതം ഗംഭീറിനും വി വി എസ് ലക്ഷ്മണും സഞ്ജു നല്‍കിയിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ഫോമിന് പിന്നില്‍ പരിശീലകര്‍ക്ക് വലിയ പങ്കില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്റെ നിരീക്ഷണം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു തന്റെ 'ഗിയര്‍' ഒന്നുകൂടി ഉയര്‍ത്തിയിരിക്കുകയാണെന്നാണ് ഡി വില്ലിയേഴ്‌സ് പറയുന്നത്. 'എല്ലാ ഫോര്‍മാറ്റുകള്‍ക്കും വേണ്ടി സഞ്ജുവിന്റെ ഈ പ്രകടനം സെലക്ടര്‍മാര്‍ കാണുന്നുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്', ഡിവില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവേയായിരുന്നു ഡിവില്ലിയേഴ്‌സ് സഞ്ജുവിന്റെ മാച്ച് വിന്നിങ് സെഞ്ച്വറിയെ കുറിച്ച് വിലയിരുത്തിയത്.

'വളരെയധികം സ്‌പെഷ്യലായിട്ടുള്ള താരമാണ് സഞ്ജു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. മാത്രമല്ല, ലോകത്തിന്റെ ഏത് ഭാഗത്തും ഏത് സാഹചര്യങ്ങളിലും നന്നായി കളിക്കാനുള്ള കഴിവും സഞ്ജുവിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', ഡിവില്ലിയേഴ്‌സ് പറയുന്നു.

ഇന്ത്യയുടെ ഓപണറായി പ്രൊമോട്ട് ചെയ്തതിന് പിന്നാലെയുള്ള സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോമിനെ കുറിച്ചും ഡിവില്ലിയേഴ്‌സ് വിലയിരുത്തി. 'ഗൗതം ഗംഭീര്‍, വി വി എസ് ലക്ഷ്മണ്‍, റയാന്‍ ടെന്‍ ഡുഷാറ്റെ, മോണ്‍ മോര്‍ക്കല്‍ എന്നിവരെ അനാദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സഞ്ജുവിന്റെ മിന്നും ഫോമിന് പിന്നില്‍ ഇവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല', എ ബി ഡി വ്യക്തമാക്കി.

'സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിന് കാരണം മറ്റൊന്നാണ്. അദ്ദേഹം കരിയറില്‍ വളരെ പക്വതയുള്ള ഒരു പോയിന്റിൽ പോയിന്റില്‍ എത്തിയെന്നാണ് എനിക്ക് തോന്നുന്നത്. അക്കാര്യം സഞ്ജു തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനം നമ്മള്‍ ആരാധകര്‍ക്ക് വളരെ ആവേശമാണ്. സഞ്ജുവിന് കളിയില്‍ ഇനിയും ഒരു ഗിയര്‍ കൂടി ഉയരാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു ആറാം ഗിയര്‍. അതിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍.', ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: AB de Villiers doubts Gautam Gambhir and coaching staff's role in Sanju Samson's redemption

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us