ഹാട്രിക് സെഞ്ച്വറിയടിക്കാന്‍ സഞ്ജു, വിജയം തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 ഇന്ന്

ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്

dot image

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന്. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയം രണ്ടാം മത്സരത്തിലും ആവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 61 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പറും ഓപണറുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. 50 പന്തില്‍ പത്ത് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 107 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നേരത്തെ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും സഞ്ജു സെഞ്ച്വറി അടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി പ്രകടനത്തിലൂടെ രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന ബഹുമതിയും സഞ്ജുവിനെ തേടിയെത്തിയിരുന്നു. തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ടി20യില്‍ ഹാട്രിക് സെഞ്ച്വറി എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. അതേസമയം സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ആദ്യ മത്സരത്തില്‍ വഴങ്ങിയ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനാണ് പ്രോട്ടീസിന്റെ ശ്രമം. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അടക്കമുള്ള താരങ്ങള്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlights: India vs South Africa 2nd T20 Match Today, Sanju Samson to Continue His Form

dot image
To advertise here,contact us
dot image