ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച് പാകിസ്താന്‍ താരം അഹമ്മദ് ഷഹ്സാദ്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുന്നത് വലിയ കാര്യമാണെന്നും സഞ്ജു സാംസണ്‍ എല്ലാ ബഹുമാനവും അംഗീകാരവും അര്‍ഹിക്കുന്നുണ്ടെന്നും ഷഹ്‌സാദ് പറഞ്ഞു. ഇന്ത്യയെ വിജയിപ്പിക്കാന്‍ സഞ്ജുവിന് ഒറ്റയ്ക്ക് സാധിക്കുമെന്നും ഷഹ്‌സാദ് അഭിപ്രായപ്പെട്ടു.
'സഞ്ജു സാംസണ്‍ ഗ്രൗണ്ട് മുഴുവനും സിക്‌സുകള്‍ പായിച്ചു. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുകയെന്നത് ചെറിയ കാര്യമല്ല. മുന്‍പ് അദ്ദേഹത്തിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരുപാട് അംഗീകാരവും ബഹുമാനവും അര്‍ഹിക്കുന്നു. ഇനി സഞ്ജുവിന് അവഗണിക്കപ്പെടേണ്ടി വരില്ല', പാക് താരം പറഞ്ഞു.
'താങ്കള്‍ ആരായാലും എവിടെ നിന്നായാലും വരൂ എന്നോട് മത്സരിക്കൂ. ഇന്ന് ഞാനും നിങ്ങളും തമ്മിലാണ് പോരാട്ടം. കഠിനമായി പരിശ്രമിക്കാനും താങ്കളുടെ വെല്ലുവിളി പൂര്‍ത്തീകരിക്കാനുമുള്ള മാനസികാവസ്ഥയിലാണ് ഞാന്‍', എന്ന് സഞ്ജു പറയുന്നതുപോലെ തോന്നി. മികച്ച ബൗണ്‍സും പേസും ഉള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജു എല്ലാ വെല്ലുവിളിയെയും മറികടന്ന് ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ അദ്ദേഹം മാത്രം മതി', ഷഹ്‌സാദ് കൂട്ടിച്ചേർത്തു.
For his sublime century in the 1st T20I, Sanju Samson receives the Player of the Match award 👏👏
— BCCI (@BCCI) November 8, 2024
Scorecard - https://t.co/0NYhIHEpq0#TeamIndia | #SAvIND | @IamSanjuSamson pic.twitter.com/Y6Xgh0YKXZ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യത്തെ മത്സരത്തിലായിരുന്നു സഞ്ജു മാച്ച് വിന്നിങ് സെഞ്ച്വറി നേടിയത്. ഇന്ത്യ 61 റണ്‍സിന്റെ ഗംഭീര വിജയം ആഘോഷിച്ച മത്സരത്തില്‍ 50 ബോളില്‍ 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ദേശീയ ടീമിന് വേണ്ടി ടി20യില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശുമായുള്ള അവസാന ടി20യിലും സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ടി20യില്‍ ഇന്ത്യക്കു വേണ്ടി തുടർച്ചയായി രണ്ടു സെഞ്ച്വറികള്‍ കുറിച്ച ആദ്യ താരമെന്ന വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Content Highlights: Pakistan cricketer Ahmed Shehzad says Sanju Samson deserves all the respect from India