'ബട്‌ലറിന് പകരം നിലനിർത്തിയത് ഹെറ്റ്‌മെയറെ'; റോയൽസിന്റെ ലോജിക് മനസിലാകുന്നില്ലെന്ന് ആകാശ് ചോപ്ര

മലയാളി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെ നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്‌മെയറെ, സന്ദീപ് ശർമ എന്നിവരാണ് അടുത്ത സീസണിലും റോയൽസിൽ തുടരും. എന്നാൽ‌ ഇം​ഗ്ലണ്ടിന്റെ സൂപ്പർ താരം ജോസ് ബട്ലറെ രാജസ്ഥാൻ നിലനിർത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ബട്ലറെ നിലനിർ‌ത്താത്തതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര.

'ഒരുപാട് കളിക്കാരെ നിലനിര്‍ത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അവരുടെ ഏത് താരത്തെ കൈവിട്ടാലും അത് വലിയ നഷ്ടമായിരിക്കും. ആരെ കൈവിട്ടാലും തീര്‍ച്ചയായും ചോദ്യങ്ങളും ഉയരും. ടീം തീര്‍ച്ചയായും കൈയൊഴിയില്ലെന്ന് ഉറപ്പുള്ള മൂന്ന് താരങ്ങളില്‍ ഒരാള്‍ ക്യാപ്റ്റന്‍ സഞ്ജു തന്നെയാണ്. യശസ്വി ജയ്‌സ്വാളിനെയും റോയല്‍സ് നിലനിര്‍ത്തുമെന്ന് ഉറപ്പിച്ചിരുന്നു', ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

'റിയാന്‍ പരാഗിന് മുമ്പ് ജോസ് ബട്ട്ലറെ നിലനിര്‍ത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ പരാഗിനെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. ബട്‌ലറെ നിലനിര്‍ത്താതെ ഷിംറോണ്‍ ഹെറ്റ്‌മെയറെ നിലനിര്‍ത്തി. അതില്‍ എന്താണ് യുക്തിയുള്ളത്? നിങ്ങള്‍ ജോസ് ബട്ട്ലറെ പോകാന്‍ അനുവദിച്ചു. റോയൽസിന് ഒരു ആര്‍ടിഎം ശേഷിക്കുന്നുമില്ല', ചോപ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷവും ബട്‌ലറെ സംബന്ധിച്ചിടത്തോളം നല്ലതല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. മോശമായി കളിച്ചിട്ടുപോലും അദ്ദേഹം രണ്ട് സെഞ്ച്വറി നേടി. ടീമിന്റെ വിജയത്തിനും കാരണമായി. എന്നിട്ടും റോയല്‍സ് അദ്ദേഹത്തെ കൈയൊഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറാണ് ബട്‌ലറെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാള്‍ റോയല്‍സിന് വേണ്ടിയും അദ്ദേഹം കളിക്കുന്നുണ്ട്. ആ പാട്ണര്‍ഷിപ്പ് തുടരുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ബട്‌ലറെ നിലനിര്‍ത്താതിരുന്നത് എന്നെ ആശങ്കപ്പെടുത്തി.

ജോസ് ബട്ലറിനൊപ്പം യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്താതിരുന്നത് ആരാധകർക്ക് നിരാശ നൽകിയിരുന്നു. രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെ​ഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചെലവഴിക്കാൻ കഴിയും.

Content Highlights: Aakash Chopra on the Rajasthan Royals retaining Shimron Hetmyer ahead of Jos Buttler before IPL 2025 auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us