ചാമ്പ്യൻസ് ട്രോഫി വേദി വിവാദത്തിന്റെ വാദപ്രതിവാദങ്ങളിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ കളിക്കില്ലെന്ന നിലപാടിൽ ബിസിസിഐ ഉറച്ച് നിൽക്കുകയും ഹൈബ്രിഡ് വേദി ഒരുക്കില്ലെന്ന നിലപാടിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിൽക്കുകയും ചെയ്തതോടെ ടൂർണമെന്റിന്റെ നടത്തിപ്പ് തന്നെ ആശങ്കയിലായിരിക്കുകയാണ്. ടൂർണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ ടൂർണമെന്റ് ബഹിഷ്കരണമടക്കമുള്ള സമ്മർദ്ദങ്ങൾക്കും പാകിസ്താൻ ബോർഡ് തയ്യാറാകുമെന്ന് റിപ്പോർട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യ പാക്സിതാനിൽ കളിക്കാൻ വിസമ്മതിക്കുന്ന പക്ഷം പാകിസ്താന് രണ്ട് പോയിന്റ് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുയാണ് പാകിസ്താന്റെ മുൻ താരം ബാസിത് അലി.
1996 ലോകകപ്പിന്റെ മാതൃകയാണ് ബാസിത് അലി ഇതിനായി ചൂണ്ടികാണിക്കുന്നത്. 1996ലെ ഏകദിന ലോകകപ്പിൽ വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റ് അധികമായി അനുവദിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിച്ച ആ ലോകകപ്പിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.
എൽടിടിഇ കൊളംബോ സെൻട്രൽ ബാങ്ക് ബോംബിട്ട് തകർത്ത് 91 പേരെ കൊലപ്പെടുത്തുകയും 1400ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും ശ്രീലങ്കയിലേക്ക് പോകാൻ വിസമ്മതിച്ചത്. ഐസിസി ഇടപെട്ടിട്ടും ഫലമില്ലാതെ വന്നതോടെ, രണ്ടു മത്സരങ്ങളും ഉപേക്ഷിച്ച് ശ്രീലങ്കയ്ക്ക് 2 പോയിന്റ് വീതം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഫലത്തിൽ കളിക്കാതെ തന്നെ നാല് പോയിന്റ് ലഭിച്ചു ശ്രീലങ്കയ്ക്ക് അന്ന്. ഫൈനലിൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയെ തോൽപ്പിച്ച് അർജുന രണതുംഗ നയിച്ച ശ്രീലങ്ക അന്ന് കിരീടം ചൂടുകയും ചെയ്തു.
ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും സ്വന്തം നാട്ടിൽ മാത്രമേ കളിക്കൂവെന്ന് പാകിസ്താൻ ബോർഡ് നിർബന്ധം പിടിക്കണമെന്നും ബാസിത് അലി നിർദ്ദേശിച്ചു. പാകിസ്‍താൻ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചാലും, പാകിസ്താനെ വിലക്കാനുള്ള ധൈര്യം ഐസിസിക്ക് ഉണ്ടാകില്ലെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു.
Content Highlights: Basit ali on Champions Trophy 2025 stedium controversy