പെര്‍ത്തില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഓസീസിന്റെ യുവ ഓപണര്‍ നഥാന്‍ മക്സ്വീനി. അടുത്തിടെ പ്രഖ്യാപിച്ച ഓസീസ് സ്‌ക്വാഡിലെ പുതുമുഖങ്ങളിലൊരാളാണ് മക്‌സ്വീനി. ഡേവിഡ് വാര്‍ണറുടെ പകരക്കാരനായി ടീമിലെത്തിയ മക്‌സ്വീനിയുടെ ദൗത്യം ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഓസീസ് ഇന്നിങ്‌സ് ഓപണ്‍ ചെയ്യുകയെന്നതാണ്.
പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ച് മനസുതുറക്കുകയാണ് യുവതാരം. ഇന്ത്യയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പേസ് നേരിടുക എന്നതാണ് അരങ്ങേറ്റക്കാരനെന്ന നിലയില്‍ മക്സ്വീനിയുടെ പ്രധാന വെല്ലുവിളി. ബുംറയുടെ അസാധാരണമായ ബൗളിങ് ആക്ഷന്‍ മനസ്സിലാക്കി നേരിടാന്‍ മികച്ച മാര്‍ഗമില്ലെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ദൗത്യത്തിനായി മാനസികമായി തയ്യാറെടുക്കുകയാണ് മക്‌സ്വീനി.
'പെര്‍ത്തിലേക്ക് പോകുന്നതിന് മുന്‍പ് മാനസികമായി തയ്യാറെടുക്കാന്‍ എനിക്ക് സമയമുണ്ട്. ഇന്ത്യയുടെ ബൗളിങ് ആക്രമണം അറിയാനായി കുറച്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടിരുന്നു. അവരുടെ പന്തുകൊണ്ട് എങ്ങനെയെല്ലാം നേരിടുമെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരു പുതിയ ബൗളറെ നേരിടുമ്പോള്‍ അവരുടെ ആക്ഷന്‍ മനസ്സിലാക്കുക എന്നത് വെല്ലുവിളിയാണ്', മക്‌സ്വീനി പറഞ്ഞു.
ഇന്ത്യയുടെ പേസ് അറ്റാക്കിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെ നേരിടുന്നതിനെ കുറിച്ചും മക്‌സ്വീനി തുറന്നുപറഞ്ഞു. 'ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. അദ്ദേഹത്തിന് അസാധാരണമായ ബൗളിങ് ആക്ഷന്‍ ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ബൗളിങ് നേരിടാനായി ഞാന്‍ കാത്തിരിക്കുകയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: IND vs AUS: Nathan McSweeney on his preparations for Jasprit Bumrah challenge