നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ലീഡ് നേടാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20 മത്സരത്തിനിറങ്ങുകയാണ് നാളെ ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ന് ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിൽ 61 റൺസിനായിരുന്നു ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. മുൻ നിര ബാറ്റർമാർ തിളങ്ങാത്തതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ആദ്യ മത്സരത്തിൽ സഞ്ജുവിന് മാത്രമാണ് കാര്യമായി തിളങ്ങാനായതെങ്കിൽ രണ്ടാം മത്സരത്തിൽ സഞ്ജു ഉൾപ്പെടെ ആർക്കും തന്നെ കാര്യമായി മികവ് പുലർത്താനായില്ല.
അതേ സമയം പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിങ് എടുക്കാനാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഇന്ത്യയെ ആദ്യം ബാറ്റിങിനയക്കുകയായിരുന്നു.
ഇവിടെ നടന്ന അവസാന ടി 20 മത്സരത്തിൽ കൂറ്റൻ സ്കോറാണ് പിറന്നത് എന്നും ശ്രദ്ധേയമാണ്. 2023ല്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസ് 258 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷണാഫ്രിക്ക സ്‌കോര്‍ മറികടക്കുകയും ചെയ്തു. 517 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. 35 സിക്‌സുകളും മത്സരത്തിലുണ്ടായിരുന്നു. 100 റണ്‍സാണ് സെഞ്ചൂറിയനിലെ ഏറ്റവും ചെറിയ സ്‌കോര്‍.
കാര്യമായ കാലാവസ്ഥാ വെല്ലുവിളികളും നാളെ സെഞ്ചൂറിയനിലില്ല. അക്യുവെതറിന്റെ പ്രവചനാടിസ്ഥാനത്തിൽ 25 ശതമാനം മാത്രമാണ് മഴയ്ക്ക് സാധ്യത. മത്സരം നടക്കുന്ന പ്രാദേശിക സമയം 5 മണിയാവുന്നതോടെ കാലാവസ്ഥ പൂർണ്ണമായും തെളിയുമെന്നാണ് അക്യുവെതർ പറയുന്നത്.
Content Highlights: India vs South africa third t20 match, pitch, climate report