ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന ഫാസ്റ്റ് ബൗളർ രഞ്ജിട്രോഫിയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. നാളെ ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിൽ ഷമിയെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
🚨 SHAMI IS BACK...!!! 🚨
— Mufaddal Vohra (@mufaddal_vohra) November 12, 2024
- Mohammad Shami to make his return through Ranji Trophy match starting tomorrow. (TOI). pic.twitter.com/9HjbsU4Lnm
കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തതിന് ശേഷം ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി ഇത് നിഷേധിച്ചിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെ നെറ്റ്സില്‍ പരിശീലനം നടത്തുന്ന ഷമിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെ താന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഷമി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിക്ക് പൂർണമായും ഭേദമാവാത്തതിനാൽ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തിന് ഇടം ലഭിച്ചിരുന്നില്ല.
Content Highlights: Mohammed Shami to return to competitive cricket with Ranji Trophy clash against MP