ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായതോടെ കലണ്ടർ വർഷത്തിൽ ടി20 യിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ. കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ താരത്തിന്റെ പേരിലായിരുന്നു. ടി20 ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിലും സഞ്ജു മുൻ നിരയിലുണ്ട്. 32 ഇന്നിങ്‌സുകളിൽ നിന്ന് മാത്രം ആറ് തവണ പൂജ്യത്തിന് പുറത്തായ സഞ്ജു ലിസ്റ്റിൽ മൂന്നാമതാണ്.
151 ഇന്നിങ്‌സുകളിൽ നിന്ന് 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശർമയാണ് ലിസ്റ്റിൽ ഒന്നാമത്. 117 ഇന്നിങ്‌സുകളിൽ നിന്ന് ഏഴ് തവണ പുറത്തായ വിരാട് കോഹ്‌ലിയാണ് ലിസ്റ്റിൽ രണ്ടാമത്. 68 ഇന്നിങ്‌സുകളിൽ നിന്ന് അഞ്ച് തവണ പൂജ്യത്തിന് പുറത്തായ കെ എൽ രാഹുൽ സഞ്ജുവിന് പിറകെ നാലാം സ്ഥാനത്താണ്.
Six ducks in just 32 T20I innings for Sanju Samson! 😳👀#SanjuSamson #T20Is #India #Sportskeeda pic.twitter.com/JWqYkffmFr
— Sportskeeda (@Sportskeeda) November 13, 2024
അതേ സമയം സഞ്ജു പുറത്തായെങ്കിലും അഭിഷേക് ശർമ്മയുടെയും തിലക് വർമയുടെയും അർധ സെഞ്ച്വറിയുടെ ബലത്തിൽ മൂന്നാം ടി 20 യിൽ ഇന്ത്യ കരകയറി. 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 25 പന്തിൽ അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളുമടക്കം 50 റൺസ് നേടിയാണ് അഭിഷേക് ശർമ്മ മടങ്ങിയത്. അഭിഷേക് മടങ്ങിയതിന് പിന്നാലെ ഒരു റൺസെടുത്ത് സൂര്യകുമാർ യാദവും എളുപ്പത്തിൽ മടങ്ങി. നിലവിൽ തിലക് വർമയും ഹർദിക് പാണ്ഡ്യയുമാണ് ക്രീസിൽ.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്‌ഡൻ മാർക്രം ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു . നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം 61 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
Content Highlights: duck record of Sanju samson in t20 cricket