ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി 20യിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം തുടർച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായത്. ഇതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേരിട്ട രണ്ടാം പന്തിൽ മാർകോ ജാൻസൻ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ തന്നെയായിരുന്നു സഞ്ജുവിനെ പുറത്താക്കിയിരുന്നത്.
Marco Jansen cleans up Sanju Samson with a beauty 🔥
— InsideSport (@InsideSportIND) November 10, 2024
📸: JioCinema#SAvIND #SanjuSamson #MarcoJansen #CricketTwitter pic.twitter.com/BtVx1aZkUx
എന്നാൽ ഇന്നത്തെ കളിയിലെ പുറത്താവലിന്റെ പേരില്‍ സഞ്ജുവിനെ മാത്രം അടച്ചാക്ഷേപിക്കുന്നത് ശരിയാവണമെന്നില്ല. അത്രയും മികച്ച ഒരു പന്തിലാണ് താരം ഔട്ടായത്. തുടർച്ചയായ മൂന്നാം മത്സരത്തിലും സ്‌ട്രൈക്കിൽ ആദ്യമെത്തിയ സഞ്ജുവിനെതിരെ ഒരു ലെങ്ത് ബോളാണ് ജാൻസൻ ആദ്യം പരീക്ഷിച്ചത്. സ്‌ക്വയർ ലഗിലേക്ക് അടിച്ചെങ്കിലും റൺ ഔട്ട് സാധ്യത കണ്ട് സഞ്ജു സിംഗിളെടുത്തില്ല. അത്യാവശ്യം സമയമെടുത്താണ് ജാൻസൻ തന്റെ രണ്ടാം പന്തെറിഞ്ഞത്. മിഡിൽ ഓഫ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയെറിഞ്ഞ ഒരു ഗുഡ് ലെങ്ത് ബോളായിരുന്നു അത്. വെറും 87 കിലോമീറ്റർ വേഗതയിൽ മാത്രം വന്ന സ്ലോ ബോളിൽ പന്ത് 33.15 ഡിഗ്രി സ്വിങും ചെയ്തു. സ്റ്റമ്പ് ഏരിയയിലായി 0.89 മീറ്റര്‍ ലെങ്ത്തിൽ ബോള്‍ പിച്ച് ചെയ്തത് കൊണ്ട് തന്നെ സഞ്ജുവിന് പ്രതികരിക്കാൻ കിട്ടിയ സമയം ഒരു സെക്കൻഡിലും താഴെയായിരുന്നു.
സഞ്ജുവിനെതിരെ മാത്രമല്ല, മത്സരത്തിലുടനീളം മികച്ച പന്തുകളാണ് ജാൻസൻ എറിഞ്ഞത്. പന്തെറിഞ്ഞ മറ്റ് ബൗളർമാരെല്ലാം 10 ന് മുകളിൽ റൺ റേറ്റ് വഴങ്ങിയപ്പോൾ നാല് ഓവറിൽ 27 റൺസ് മാത്രമാണ് ജാൻസൻ വഴങ്ങിയത്. നിർണ്ണായകമായ അവസാന ഓവറിൽ നാല് റൺസ് മാത്രം വിട്ടു കൊടുത്തും ജാൻസൻ മികവ് കാണിച്ചു.
Content Highlights: Marco jansen wonder ball against Sanju samson