ബുംറയും ഭുവിയുമൊക്കെ ഇനി പിന്നില്‍; 2 വർഷത്തിനിടെ ടി20 വിക്കറ്റ് വേട്ടയില്‍ അര്‍ഷ്ദീപിന്റെ തേരോട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് അര്‍ഷ്ദീപാണ്

dot image

വിക്കറ്റ് വേട്ടയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി യുവതാരം അര്‍ഷ്ദീപ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് അര്‍ഷ്ദീപാണ്. പന്തുകൊണ്ടുള്ള മിന്നും പ്രകടനത്തിന് പിന്നാലെ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍.

ടി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പേസറായി മാറിയിരിക്കുകയാണ് അര്‍ഷ്ദീപ്. ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കിള്‍ട്ടണ്‍, ഹെന്റിച്ച് ക്ലാസന്‍, മാര്‍കോ ജാന്‍സന്‍ എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ഇതോടെ താരത്തിന്റെ വിക്കറ്റ് നേട്ടം 92 ആയി ഉയര്‍ന്നിരിക്കുകയാണ്. 89 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയെയും 90 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിനെയും പിന്നിലാക്കിയാണ് അര്‍ഷ്ദീപ് ഒന്നാമതെത്തിയത്.

ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് അര്‍ഷ്ദീപ്. 96 വിക്കറ്റുള്ള സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ചഹലിനെ മറികടക്കാന്‍ അര്‍ഷ്ദീപിന് ഇനി നാല് വിക്കറ്റ് നേടണം. 2022ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ അരങ്ങേറിയ അര്‍ഷ്ദീപ് രണ്ട് വര്‍ഷം കൊണ്ടാണ് റെക്കോര്‍ഡില്‍ മുന്നേറിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 11 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചെടുത്തു. വണ്‍ഡൗണായി ഇറങ്ങിയ തിലക് വര്‍മയുടെ അപരാജിത സെഞ്ച്വറിയാണ് (107) ഇന്ത്യയ്ക്ക് കരുത്തായത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന് അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് വിജയമൊരുക്കി.

Content Highlights: Arshdeep Singh Becomes India’s Leading T20I Fast Bowler, Breaks Bhuvneshwar & Bumrah's Record

dot image
To advertise here,contact us
dot image