ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ തിലക് വര്‍മയെ വാനോളം പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മൂന്നാം നമ്പറില്‍ ഇറങ്ങി തിലക് അടിച്ചെടുത്ത സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 56 പന്തില്‍ പുറത്താകാതെ 107 റണ്‍സാണ് തിലക് അടിച്ചെടുത്തത്. താരത്തിന്റെ ആദ്യത്തെ ടി20 സെഞ്ച്വറിയാണിത്. ഇപ്പോള്‍ വണ്‍ഡൗണ്‍ പൊസിഷനില്‍ തനിക്ക് പകരം തിലകിനെ ഇറക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍.
For his match-winning Maiden T20I Century, Tilak Varma is adjudged the Player of the Match 👏👏
— BCCI (@BCCI) November 13, 2024
Scorecard - https://t.co/JBwOUChxmG#TeamIndia | #SAvIND | @TilakV9 pic.twitter.com/kvVhaYwOG7
മൂന്നാം നമ്പര്‍ സ്ഥാനം തിലക് ചോദിച്ചു വാങ്ങിയതാണെന്നാണ് മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞത്. 'രണ്ടാം മത്സരത്തിന് ശേഷം തിലക് വര്‍മ എന്റെ മുറിയിലേക്ക് എത്തുകയും മൂന്നാം നമ്പറില്‍ ഒരു അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ പൊസിഷനില്‍ നന്നായി കളിക്കാന്‍ സാധിക്കുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അവനെ ഇന്ന് മൂന്നാം നമ്പറില്‍ മൈതാനത്തിറക്കിയതും അവന് ആവശ്യമായ സ്വാതന്ത്ര്യം നല്‍കിയതും', സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടി20യില്‍ ടീമിന്റെ വിജയത്തെ കുറിച്ചും ക്യാപ്റ്റന്‍ സൂര്യ പറഞ്ഞു. 'ടീമിന്റെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്. ടീം മീറ്റിങ്ങില്‍ ഇതുപോലെ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇത്തരത്തില്‍ അഗ്രസീവായി മുന്നോട്ട് പോവാനാണ് സഹതാരങ്ങളോടും ആവശ്യപ്പെട്ടത്. ആക്രമണ രീതിയും മനോഭാവവും വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലും വേണം. എല്ലാ താരങ്ങളും അത്തരത്തില്‍ പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ എന്റെ ജോലി വളരെ എളുപ്പമായി. ഞങ്ങള്‍ നേരായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്', സൂര്യ കൂട്ടിച്ചേര്‍ത്തു.
A batting blitz from Tilak Varma and calm with the ball late helps India to a 2-1 T20I series lead in South Africa 👏#SAvIND 📝 https://t.co/KLYhwN5ljl pic.twitter.com/CPrZQ9cY3j
— ICC (@ICC) November 13, 2024
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ 11 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് പ്രോട്ടീസിന് നേടാനായത്. വിജയത്തോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.
Content Highlights: Suryakumar Yadav reveals how Tilak Varma took advantage of friendship to get No.3 spot