രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. രണ്ടാം ദിനം കളി നിർത്തിവെക്കുമ്പോൾ 285 ന് എട്ട് എന്ന നിലയിലാണ് കേരളം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം 158-5ലേക്ക് വീണെങ്കിലും ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികൾ കേരളത്തെ രക്ഷിച്ചു. അസറുദ്ദീന്‍ 74 പന്തില്‍ 53 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 146 പന്തില്‍ 52 റണ്‍സെടുത്തു. ഇരുവരുടെയും വിക്കറ്റുകൾ കേരളത്തിന് നഷ്ടമാവുകയും ചെയ്തു.
സച്ചിനും അസറുദ്ദീനും പുറമെ അക്ഷയ് ചന്ദ്രന്‍റെയും ജലജ് സക്സേനയുടെയും സൽമാന്‍ നിസാറിന്‍റെയും നിധീഷിന്റെയും വിക്കറ്റുകളാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും ബാബാ അപരാജിതിന്‍റെയും വിക്കറ്റുകൾ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു.
അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റാണ് കേരളത്തിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ഇന്നലത്തെ സ്കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അക്ഷയ് ചന്ദ്രന്‍ 59 റണ്‍സെടുത്ത് അന്‍ഷുല്‍ കാംബോജിന്‍റെ പന്തില്‍ ബൗള്‍ഡായി. അന്‍ഷുല്‍ കാംബോജ് ആണ് ഹരിയാനയ്ക്ക് വേണ്ടി എട്ട് വിക്കറ്റുകളും നേടിയത്. 27 ഓവറിൽ 48 റൺസ് വിട്ടുകൊടുത്തായിരുന്നു കാംബോജിന്‍റെ എട്ട് വിക്കറ്റ് നേട്ടം. ഏഴ് മെയ്ഡൻ ഓവറുകളും താരമെറിഞ്ഞു.
കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാല് കളിയിൽ രണ്ടുവീതം ജയവും സമനിലയുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് സിയിൽ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താം.
Content Highlights: Kerala vs Haryna Ranji trophy