ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പരമ്പര വിജയിക്കുക എന്നത് ഇന്ത്യയ്ക്കും ഓസീസിനും ഒരുപോലെ നിർണ്ണായകമാണ്. ഇതിനകം തന്നെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും മത്സരത്തെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ പലതും പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ പരമ്പരയിൽ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കൽ വോൺ. ഇന്ത്യയുടെ രണ്ട് പേരായിരിക്കും പരമ്പരയില്‍ തിളങ്ങുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചരിക്കുന്നത്.
യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് എന്നിവരെയാണ് വോൺ ചൂണ്ടിക്കാട്ടിയത്.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങി ഓസീസ് മണ്ണിൽ കഴിവ് തെളിയിച്ച ഇന്ത്യൻ താരങ്ങൾ വേറെയുമുണ്ടെങ്കിലും ഈ പരമ്പരയിൽ തിളങ്ങുക ഈ രണ്ട് യുവ താരങ്ങളാകുമെന്നാണ് വോൺ പറയുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്ന പോലെ ആയാസരഹിതമായും സമ്മര്‍ദ്ദമില്ലാതെയുമാണ് റിഷഭ് പന്ത് ഗ്രൗണ്ടില്‍ കളിക്കുന്നത് എന്നും നിലവിൽ ഇന്ത്യയിലെ മറ്റ് ബാറ്റർമാർക്ക് അതിന് കഴിയില്ലെന്നും വോൺ പറഞ്ഞു. ഇന്ത്യയുടെ ഓപ്പണിങ്ങിലെ തലമുറ മാറ്റം ഈ പരമ്പരയിൽ നടക്കുമെന്നും ജയ്‌സ്വാൾ താരമാകുമെന്നും വോൺ പറയുന്നു.
ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടെ അഞ്ച് മല്‍സരങ്ങളുടേതാണ് പരമ്പര. കഴിഞ്ഞ രണ്ടു തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഹാട്രിക് പരമ്പരയെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലെത്തുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യക്ക് ഈ പരമ്പരയില്‍ ജയം അനിവാര്യമാണ്.
Content Highlights: Michael Paul Vaughan on Boarder gavasker trophy India vs Aus