കുശാല്‍ മെന്‍ഡിസിനും അവിഷ്‌കയ്ക്കും സെഞ്ച്വറി; ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ലങ്കയ്ക്ക് വിജയം

ഡിഎല്‍എസ് നിയമപ്രകാരമായിരുന്നു ലങ്കയുടെ വിജയം

dot image

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. ഡിഎല്‍എസ് നിയമപ്രകാരം 45 റണ്‍സിനാണ് ലങ്ക ന്യൂസിലാന്‍ഡിനെ കീഴടക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ലങ്ക മുന്നിലാണ്.

ധാംബുള്ള സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവര്‍ അവസാനിക്കാന്‍ നാല് പന്തുകള്‍ ബാക്കിയുള്ളപ്പോഴാണ് കളിമുടക്കി മഴയെത്തുന്നത്. മത്സരം താത്ക്കാലികമായി നിര്‍ത്തിവെക്കുമ്പോള്‍ 49.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സായിരുന്നു ലങ്ക നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡിഎല്‍എസ് നിയമപ്രകാരം 27 ഓവറില്‍ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കുശാല്‍ മെന്‍ഡിസും അവിഷ്‌ക ഫര്‍ണാണ്ടസിന്റെയും വെടിക്കെട്ട് സെഞ്ച്വറികളാണ് ലങ്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഓപണര്‍ പതും നിസ്സങ്ക (12) പുറത്തായതിന് ശേഷം രണ്ടാം വിക്കറ്റില്‍ ഫര്‍ണാണ്ടോ- മെന്‍ഡിസ് സഖ്യം 206 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 115 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 100 റണ്‍സെടുത്ത അവിഷ്‌കയെ പുറത്താക്കി ഇഷ് സോധിയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെയെത്തിയ സദീര സമരവിക്രമ (5) അതിവേഗം പുറത്തായി. ഇതിനിടെ സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന കുശാല്‍ മെന്‍ഡിസിനെ ജേക്കബ് ഡഫി പുറത്താക്കി. 128 പന്തില്‍ 143 റണ്‍സെടുത്ത മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ചരിത് അസലങ്ക 28 പന്തില്‍ 40 റണ്‍സെടുത്ത് ലങ്കയെ 300 കടത്തി. 13 പന്തില്‍ 12 റണ്‍സുമായി ജനിത് ലിയനഗേ പുറത്താവാതെ നിന്നു. കിവീസിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൈക്കല്‍ ബ്രേസ്വെല്‍, ഈസ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ 27 ഓവറില്‍ 221 റണ്‍സെന്ന പുതിയ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാന്‍ഡ് പൊരുതി നോക്കുക പോലും ചെയ്തില്ല. 46 പന്തില്‍ 48 റണ്‍സ് നേടിയ ഓപണര്‍ വില്‍ യങ്ങാണ് കിവികളുടെ ടോപ് സ്‌കോറര്‍. ടിം റോബിന്‍സണും (35) മൈക്കേല്‍ ബ്രേസ്‌വെല്ലും (34*) ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. 10 റണ്‍സെടുത്ത് പുറത്തായ മിച്ചല്‍ ഹേയ് ഒഴികെ പിന്നീട് മറ്റാരും രണ്ടക്കം കടന്നില്ല. ലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷ്ണയും ചരിത് അസലങ്കയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlights: SL vs NZ 1st ODI: Sri Lanka beat New Zealand by 45 runs (DLS)

dot image
To advertise here,contact us
dot image