ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് യുവതാരം തിലക് വര്‍മ. മൂന്നാം നമ്പറില്‍ ഇറങ്ങി തിലക് അടിച്ചെടുത്ത സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 56 പന്തില്‍ പുറത്താകാതെ 107 റണ്‍സാണ് തിലക് അടിച്ചെടുത്തത്. താരത്തിന്റെ ആദ്യത്തെ ടി20 സെഞ്ച്വറിയാണിത്. ഇപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ക്കാൻ തിലകിന് സാധിച്ചു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് തിലക്. തന്റെ കന്നി ടി20 സെഞ്ച്വറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടിച്ചെടുക്കുമ്പോള്‍ 22 വര്‍ഷവും അഞ്ച് ദിവസവുമായിരുന്നു തിലകിന്റെ പ്രായം. 21 വര്‍ഷവും 279 ദിവസവും പ്രായമുള്ളപ്പോള്‍ ടി20 സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് ഒന്നാം സ്ഥാനത്ത്. ശുഭ്മന്‍ ഗില്‍ (23 വര്‍ഷം, 146 ദിവസം), സുരേഷ് റെയ്ന (23 വര്‍ഷം, 156 ദിവസം), അഭിഷേക് ശര്‍മ്മ (23 വര്‍ഷം, 307 ദിവസം) എന്നിവരാണ് റെക്കോര്‍ഡില്‍ തിലകിന് പിന്നിലുള്ളത്.
The second youngest player to score a men's T20I century for India 😲
— ICC (@ICC) November 14, 2024
More from Tilak Varma's big day 👇#SAvINDhttps://t.co/A3jxfQQ3nF
ഇന്ത്യക്കായി ഒന്‍പത് ടി20 മത്സരങ്ങളില്‍ കളിച്ച തിലക് വര്‍മ ആദ്യമായാണ് അമ്പത് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പന്ത്രണ്ടാമത് ബാറ്റര്‍ കൂടിയാണ് തിലക് വര്‍മ.
തിലകിന്റെ സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് പ്രോട്ടീസിന് നേടാനായത്. വിജയത്തോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.
Content Highlights: Tilak Varma became the second youngest Indian player to score a century in a men's T20